HOME
7 രാജ്യങ്ങള്‍ക്ക് കൂടി അമേരിക്കയിലേക്ക് പൂര്‍ണ യാത്രാ വിലക്ക് ഏര്‍പ്പെടുത്തി ട്രംപ്; ‘പൗരന്മാര്‍ക്ക് ഭീഷണിയാകുന്ന വിദേശികളെ രാജ്യത്തേക്ക് പ്രവേശിപ്പിക്കില്ല’
അമേരിക്കയിലേക്കുള്ള യാത്രാ വിലക്ക് കൂടുതല്‍ രാജ്യങ്ങളിലേക്ക് വ്യാപിപ്പിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്.
പുതുതായി ഏഴു രാജ്യങ്ങള്‍ക്കു കൂടി യുഎസിലേക്കുള്ള പ്രവേശനം വിലക്കുന്ന പ്രഖ്യാപനത്തില്‍ ട്രംപ് ഒപ്പുവച്ചു. ഇതോടെ, യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടിക 12-ല്‍ നിന്ന് 19 ആയി ഉയര്‍ന്നു. കുടിയേറ്റക്കാരുടെയും അഭയാര്‍ത്ഥികളുടെയും ഒഴുക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ട്രംപ് കര്‍ശന നിയന്ത്രണങ്ങള്‍ കൊണ്ടുവരുന്നത്. പുതിയ പ്രഖ്യാപനത്തോടെ 30 ലധികം രാജ്യങ്ങളിലേക്കാണ് ട്രംപ് ഭരണകൂടം യാത്രാ നിരോധനം ഏര്‍പ്പെടുത്തിയിട്ടുള്ളത്. പാലസ്തീന്‍ അതോറിറ്റി നല്‍കിയ യാത്രാ രേഖകള്‍ കൈവശമുള്ള വ്യക്തികള്‍ക്കും പൂര്‍ണമായ പ്രവേശന വിലക്ക് ഏര്‍പ്പെടുത്തി.പുതിയ പ്രഖ്യാപനത്തിലൂടെ സിറിയ, ബുര്‍ക്കിന ഫാസോ, മാലി, നൈജര്‍, ദക്ഷിണ സുഡാന്‍, ലാവോസ്, സിയറ ലിയോണ്‍ എന്നീ ഏഴ് രാജ്യങ്ങളില്‍ നിന്നുള്ള വിദേശ പൗരന്മാരുടെ പ്രവേശനത്തിനാണ് നിയന്ത്രണം ഏര്‍പ്പെടുത്തിയത്. സിറിയയില്‍ ഇസ്ലാമിക് സ്‌റ്റേറ്റിന്റെ ആക്രമണത്തില്‍ രണ്ട് യുഎസ് സൈനികരും ഒരു അമേരിക്കന്‍ സിവിലിയനും കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് സിറിയയെ ഈ പട്ടികയില്‍ ഉള്‍പ്പെടുത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍. അമേരിക്കയുടെ സുരക്ഷ സംരക്ഷിക്കുന്നതിനായാണ് ഈ നിയന്ത്രണങ്ങളെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.നിലവില്‍ യാത്രാ വിലക്കുള്ള 12 രാജ്യങ്ങള്‍ അഫ്ഗാനിസ്ഥാന്‍, ബര്‍മ, ചാഡ്, റിപ്പബ്ലിക് ഓഫ് കോംഗോ, ഇക്വറ്റോറിയല്‍ ഗിനിയ, എറിത്രിയ, ഹെയ്തി, ഇറാന്‍, ലിബിയ, സൊമാലിയ, സുഡാന്‍, യെമന്‍ എന്നിവയാണ്. പുതിയ ഏഴ് രാജ്യങ്ങള്‍ കൂടി ചേര്‍ന്നതോടെ ഈ പട്ടിക വിപുലമായി.കൂടാതെ, ബുറുണ്ടി, ക്യൂബ, ടോഗോ, വെനിസ്വേല, അംഗോള, ആന്റിഗ്വയും ബാര്‍ബുഡയും, ബെനിന്‍, കോട്ട് ഡി ഐവയര്‍, ഡൊമിനിക്ക, ഗാബണ്‍, ഗാംബിയ, മലാവി, മൗറിറ്റാനിയ, നൈജീരിയ, സെനഗല്‍, ടാന്‍സാനിയ, ടോംഗ, സാംബിയ, സിംബാബ്വെ തുടങ്ങിയ രാജ്യങ്ങളെ ഉയര്‍ന്ന അപകടസാധ്യതയുള്ള രാജ്യങ്ങളുടെ പട്ടികയിലാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഈ രാജ്യത്തു നിന്നുള്ളവര്‍ക്ക് ഭാഗിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.അതേസമയം, അമേരിക്കയുമായുള്ള ബന്ധം മെച്ചപ്പെട്ടതിനെ തുടര്‍ന്ന് തുര്‍ക്ക്മെനിസ്ഥാനെ യാത്രാ വിലക്കുള്ള രാജ്യങ്ങളുടെ പട്ടികയില്‍ നിന്ന് നീക്കം ചെയ്തിട്ടുണ്ട്. അതേസമയം കുടിയേറ്റക്കാര്‍ എന്ന നിലയില്‍ തുര്‍ക്ക്മെനിസ്ഥാന്‍ പൗരന്മാര്‍ക്ക് അമേരിക്കയിലേക്കു പ്രവേശനം ഉണ്ടാകില്ല.ട്രംപിന്റെ നടപടികളില്‍ വിമര്‍ശനവും ഉയര്‍ന്നിട്ടുണ്ട്. മുസ്ലീം ഭൂരിപക്ഷവും രാഷ്ട്രീയമായി അസ്ഥിരവുമായ രാജ്യങ്ങളിലെ പാവപ്പെട്ട പൗരന്മാരെയാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നതെന്ന് വിമര്‍ശകര്‍ കുറ്റപ്പെടുത്തുന്നു.