BUSINESS
ചാറ്റ്ജിപിടിക്ക് സമാനമായ ‘വെരിറ്റാസ്’; പുതിയ എഐ ആപ്പുമായി ആപ്പിൾ, ലക്ഷ്യം അടുത്ത തലമുറ ‘സിരി’.
തിരുവനന്തപുരം: ചാറ്റ്ജിപിടിക്ക് സമാനമായ ഒരു പുതിയ ആപ്ലിക്കേഷനിൽ ആപ്പിൾ പ്രവർത്തിക്കുന്നുണ്ടെന്ന് റിപ്പോർട്ട്. അടുത്ത തലമുറ സിരിയുടെ സവിശേഷതകൾ പരീക്ഷിക്കുന്നതിനായി ‘വെരിറ്റാസ്’ എന്ന കോഡ് നാമത്തിലാണ് ആപ്പിൾ ഈ ചാറ്റ്ബോട്ടിനെ ഒരുക്കുന്നതെന്ന് ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.അടുത്ത വർഷം പ്രതീക്ഷിക്കുന്ന ലോഞ്ചിനായി സിരിയെ തയ്യാറാക്കുന്നതിൻ്റെ ഭാഗമായി, അതിൻ്റെ എഐ സവിശേഷതകൾ പരീക്ഷിക്കാനും ബഗുകൾ പരിഹരിക്കാനുമുള്ള ആന്തരിക ഉപയോഗത്തിനാണ് ആപ്പിൾ ഈ ആപ്പ് തയ്യാറാക്കുന്നത്.
‘വെരിറ്റാസ്’ എന്നാൽ സത്യം
‘വെരിറ്റാസ്’ എന്ന ലാറ്റിൻ വാക്കിൻ്റെ അർത്ഥം സത്യം എന്നാണ്. ഈ ആപ്ലിക്കേഷൻ കമ്പനിയുടെ ആന്തരിക ഉപയോഗത്തിനുള്ളതാണെന്നും പൊതുജനങ്ങൾക്കായി ഇത് അവതരിപ്പിക്കാൻ ആപ്പിളിന് നിലവിൽ പദ്ധതിയില്ലെന്നും ബ്ലൂംബെർഗ് റിപ്പോർട്ടിൽ പറയുന്നു. ആപ്പിളിൻ്റെ എഐ വിഭാഗത്തിന് അടുത്ത തലമുറ സിരി കൂടുതൽ കാര്യക്ഷമമായി പരീക്ഷിക്കാൻ ഈ ആപ്ലിക്കേഷൻ സഹായിക്കുമെന്നാണ് വിലയിരുത്തൽ.
മാർക്കറ്റിൽ ലഭ്യമായ മിക്ക ചാറ്റ്ബോട്ടുകളെയും പോലെയാണ് ഈ ആപ്ലിക്കേഷനും രൂപകൽപ്പന ചെയ്തിരിക്കുന്നത്. ഒന്നിലധികം ചാറ്റുകൾ കൈകാര്യം ചെയ്യാനും അന്വേഷണങ്ങൾ പിന്തുടരാനും ഇത് ഉപയോക്താക്കളെ സഹായിക്കും. ഈ ടെസ്റ്റുകളിൽ നിന്നുള്ള ഫീഡ്‌ബാക്ക് ഉപയോഗിച്ച് പ്രോംപ്റ്റ് തന്ത്രങ്ങൾ, പ്രതികരണ ജനറേഷൻ ലെയറുകൾ, തെറ്റുകൾ കൈകാര്യം ചെയ്യൽ, ലോജിക് എന്നിവ പരിഷ്കരിക്കാനാണ് ആപ്പിൾ എഞ്ചിനീയർമാർ ലക്ഷ്യമിടുന്നത്.
‘ലിൻവുഡ്’ സിസ്റ്റത്തിന് കരുത്ത്
ലിൻവുഡ് എന്ന കോഡ് നാമത്തിൽ അറിയപ്പെടുന്ന പുതുക്കിയ അടിസ്ഥാന സിസ്റ്റം പരീക്ഷിക്കുന്നതിനാണ് ഈ ആപ്പ് രൂപകൽപ്പന ചെയ്തിരിക്കുന്നതെന്നും റിപ്പോർട്ടുകൾ പറയുന്നു. പുതിയ സിരിക്ക് ശക്തി പകരാൻ ആപ്പിൾ നിർമ്മിച്ച അതേ സിസ്റ്റമാണിത്. ഈ സോഫ്റ്റ്‌വെയർ വലിയ ഭാഷാ മോഡലുകളെ (LLMs) വളരെയധികം ആശ്രയിക്കുന്നു. ആപ്പിളിന്റെ സ്വന്തം ഫൗണ്ടേഷൻ മോഡൽസ് ടീമിൻ്റെ പ്രവർത്തനങ്ങൾ ഒരു തേർഡ് പാർട്ടി മോഡലുമായി സംയോജിപ്പിച്ചാണ് ഇത് പ്രവർത്തിക്കുകയെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് പറയുന്നു.
സിരിയുടെ ലോഞ്ച് നീണ്ടു; ലക്ഷ്യം 2026
പുതിയ സിരി iOS 18-ന്റെ റോൾഔട്ടോടെ അവതരിപ്പിക്കുമെന്നാണ് ആദ്യം പറഞ്ഞിരുന്നതെങ്കിലും, തടസ്സങ്ങൾ നേരിട്ടതിനാൽ ലോഞ്ച് നീണ്ടുപോയി. ആപ്പിൾ 2026 മാർച്ചോടെ സിരിയുടെ നവീകരിച്ച പതിപ്പ് അവതരിപ്പിക്കാൻ പദ്ധതിയിടുന്നുണ്ട്. അടുത്ത വർഷം അവസാനത്തോടെ പേഴ്‌സണൽ വോയ്‌സ് അസിസ്റ്റന്റിനെ പൂർണ്ണമായി പുനർരൂപകൽപ്പന ചെയ്യാനും കമ്പനി ലക്ഷ്യമിടുന്നു.
എല്ലാ മേഖലകളിലും എഐ ഉപയോഗിക്കാത്ത ഏറ്റവും വലിയ ടെക് കമ്പനിയാണ് ആപ്പിൾ. എങ്കിലും അടുത്തിടെ പുറത്തിറക്കിയ ആപ്പിൾ ഇൻ്റലിജൻസ് പോലുള്ള എഐ സവിശേഷതകളിൽ ആപ്പിളിൻ്റെ സ്വന്തം സാങ്കേതികവിദ്യയുടെയും പങ്കാളിത്ത കമ്പനികളുടെ സാങ്കേതികവിദ്യയുടെയും സംയോജനമാണ് കരുത്ത് പകരുന്നത്. ഇതിനുപുറമെ, നിരവധി എഐ പവർഡ് സ്മാർട്ട് ഹോം ഉപകരണങ്ങളിലും വെബ് സെർച്ചിംഗിനായി കൂടുതൽ എഐ സവിശേഷതകൾ ചേർക്കുന്നതിലും ആപ്പിൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.