HOME
സെഞ്ച്വറി നേടിയിട്ടും ആഘോഷിച്ചില്ല; ഇന്ത്യന്‍ ജയത്തിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ജെമീമ റോഡ്രിഗ്‌സ്
ഓസ്‌ട്രേലിയക്ക് എതിരെ ഒരു സെഞ്ച്വറി നേടുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റേയും സ്വപ്‌നമാണ്.അത് ലോകകപ്പ് സെമി ഫൈനലില്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാനുതകുന്നതാണെങ്കില്‍ ഏതൊരു താരവും മതിമറന്ന് ആഘോഷിക്കും.
നവി മുംബയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഓസീസിനെതിരെ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടപ്പോഴും പിന്നീട് സെഞ്ച്വറി തികച്ചപ്പോഴും ജെമീമ റോഡ്രിഗ്‌സ് എന്ന മുംബയ്ക്കാരി ആഘോഷിക്കുകയോ ബാറ്റ് ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുകയോ ചെയ്തില്ല.
49ാം ഓവറിലെ 3ാം പന്തില്‍ അമന്‍ജോത് കൗറിന്റെ ഷോട്ട് അതിര്‍ത്തി കടന്ന് ഇന്ത്യ മത്സരം വിജയിച്ചതിന് പിന്നാലെ ജെമീമയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തന്റെ പതിവ് ബാറ്റിംഗ് പൊസിഷനില്‍ നിന്ന് മാറിയാണ് സെമിയില്‍ താരം ബാറ്റ് ചെയ്യാനെത്തിയത്. സാധാരണ അഞ്ചാം നമ്ബറില്‍ ബാറ്റ് ചെയ്യുന്ന താരം ഇന്ന് ക്രീസിലെത്തിയത് മൂന്നാം നമ്ബറില്‍. 134 പന്തുകള്‍ നേരിട്ട് 14 ബൗണ്ടറികളുടെ അകമ്ബടിയോടെയാണ് റോഡ്രിഗ്‌സിന്റെ ഇന്നിംഗ്‌സ്.
മത്സരത്തിലെ വിജയശില്‍പ്പിയായതിന് ശേഷം താരം നടത്തിയത് വൈകാരികമായ പ്രതികരണമായിരുന്നു. എന്തുകൊണ്ടാണ് സെഞ്ച്വറി നേട്ടം ആഘോഷിക്കാത്തത് എന്ന ചോദ്യത്തിന് ഇന്ന് തന്റെ സെഞ്ച്വറിക്ക് ഒരു പ്രസക്തിയുമില്ലായെന്നും ഇന്ത്യയുടെ ജയം മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത് എന്നുമാണ് താരം പ്രതികരിച്ചത്. ദൈവത്തിനും തന്റെ മാതാപിതാക്കള്‍ക്കും പരിശീലകനും നന്ദി പറഞ്ഞ ജെമീമ പ്ലെയര്‍ ഓഫ് ദി മാച്ച് പുരസ്‌കാരം ഏറ്റുവാങ്ങിയത് നിറഞ്ഞ കണ്ണുകളോടെയായിരുന്നു.
ഈ ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ ഇന്ത്യ തോറ്റപ്പോള്‍ ബൗളിംഗ് ശക്തി കൂട്ടാന്‍ ഒരു ബാറ്ററെ കുറച്ചപ്പോള്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു ജെമീമയ്ക്ക്. അതേ ജെമീമയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് ശക്തരായ ഓസീസിനെതിരെ റെക്കോഡ് സ്‌കോര്‍ പിന്തുടരാന്‍ ഇന്ത്യക്ക് അടിത്തറ പാകിയത് കാലത്തിന്റെ കാവ്യനീതിയാണ്. നവംബര്‍ രണ്ടിന് നടക്കുന്ന ഫൈനലിലും താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഇന്ത്യക്ക് കന്നിക്കിരീടം സമ്മാനിക്കുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.