SPORTS
പെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടിപടി.
ദുബായ്: ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവിനും പാകിസ്ഥാന്‍ പേസര്‍ക്കുമെതിരെ ഐസിസിയുടെ നടപടി. ഹാരിസ് മാച്ച് ഫീയുടെ 50 ശതമാനം പിഴയടയ്ക്കണം. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഹാരിസ് റൗഫ് ഇന്ത്യ നടത്തിയ ഓപ്പറേഷന്‍ സിന്ദൂര്‍ സൈനിക നടപടിക്കിടെ ഇന്ത്യയുടെ ആറ് യുദ്ധവിമാനങ്ങള്‍ പാകിസ്ഥാന്‍ വെടിവെച്ചിട്ടുവെന്ന അവകാശവാദത്തെ സൂചിപ്പിക്കാനായി 6-0 എന്ന് വിരലുകള്‍ കൊണ്ട് കാണിച്ചിരുന്നു. ഇതിനാണ് പാക് താരത്തിനെതിരെ നടപടി സ്വീകരിച്ചത്. ബാറ്റ് കൊണ്ടു വെടിയിതിര്‍ക്കുന്നത് പോലെ കാണിച്ച പാക് താരം സാഹിബ്‌സാദ ഫര്‍ഹാനെ താക്കീത് നല്‍കി വെറുതെവിട്ടു. ബിസിസിഐ പരാതിയില്‍ മാച്ച് റഫറിയുടെ തീരുമാനം
സൂര്യകുമാര്‍ യാദവിന് പിഴശിക്ഷയാണ് വിധിച്ചത്. മാച്ച് ഫീയുടെ 30 ശതമാനം പിഴ അടയ്ക്കണം. പാകിസ്ഥാനേതിരായ ജയം പഹല്‍ഗാം രക്തസാക്ഷികള്‍ക്ക് സമര്‍പ്പിച്ചതിനാണ് നടപടി. ഐസിസി പെരുമാറ്റചട്ടം ഇന്ത്യന്‍ ക്യാപ്റ്റന്‍ ലംഘിച്ചെന്ന് മാച്ച് റഫറി വ്യക്തമാക്കി. പാകിസ്ഥാനെതിരെ വിജയം നേടിയശേഷം ഈ ജയം ഓപ്പറേഷന്‍ സിന്ദൂറില്‍ പങ്കെടുത്ത ധീര സൈനികര്‍ക്കും പഹല്‍ഗാം ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങള്‍ക്കുമായി സമര്‍പ്പിക്കുന്നുവെന്ന് സൂര്യകുമാര്‍ യാദവ് പറഞ്ഞിരുന്നു. ഇതിനെതിരെ പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡാണ് ഐസിസിക്ക് പരാതി നല്‍കിയിരുന്നു.
സൂര്യകുമാര്‍ യാദവിനൊപ്പം ബിസിസിഐ സിഒഒ ഹെമാങ് അമീന്‍, ക്രിക്കറ്റ് ഓപ്പേറഷന്‍സ് മാനേജര്‍ സമ്മര്‍ മല്ലാപുരാകര്‍ എന്നിവരാണ് റിച്ചി റിച്ചാര്‍ഡ്‌സണ്‍ അധ്യക്ഷത വഹിച്ച അച്ചടക്ക സമിതി യോഗത്തില്‍ പങ്കെടുത്തത്. ഏഷ്യാ കപ്പ് ഫൈനലില്‍ ഒരിക്കല്‍ കൂടി ഇന്ത്യയും പാകിസ്ഥാനും നേര്‍ക്കുനേര്‍ വരുന്നുണ്ട്. ഞായറാഴ്ച്ചയാണ് ഫൈനല്‍. ഗ്രൂപ്പ് ഘട്ടത്തിലും സൂപ്പര്‍ ഫോറിലും ഇന്ത്യ തന്നെയാണ്. ടൂര്‍ണമെന്റില്‍ പാകിസ്ഥാന് ഹസ്തദാനം ചെയ്യാന്‍ ഇന്ത്യന്‍ ടീം വിസമ്മതിച്ചിരുന്നു. അവിടെ നിന്നാണ് പ്രശ്‌നങ്ങളുടെ ഒക്കെ തുടക്കവും. ഫൈനലില്‍ എന്ത് സംഭവിക്കുമെന്ന് കാത്തിരുന്ന് കാണാം.