HOME

ശബരിമല സ്വര്‍ണക്കൊള്ളയിലെ ഇ.ഡി അന്വേഷണം; സര്‍ക്കാരിന് തിരിച്ചടി; കൂടുതല്‍ ഉന്നതര്‍ കുടുങ്ങും

Published

on

ശബരിമല സ്വർണക്കൊള്ളയില്‍ അന്വേഷണം നടത്താൻ എൻഫോഴ്‌സ്മെന്റ് ഡയരക്ടറേറ്റിന് (ഇ.ഡി)അനുമതി നല്‍കിയ കൊല്ലം വിജിലൻസ് കോടതി ഉത്തരവ് സംസ്ഥാന സർക്കാരിന് കനത്ത വെല്ലുവിളിയാകും

ഇ.ഡി അന്വേഷണം ആരംഭിച്ചാല്‍ ദേവസ്വം ബോർഡിലെ പല ഉന്നതരും കുടുങ്ങും.

കേസിലെ എഫ്.ഐ.ആറിന്റെ പകർപ്പ് ലഭിച്ചാല്‍ ഇ.ഡിക്ക് അത് വലിയൊരു ആയുധമാകും. വരുംദിവസങ്ങളില്‍ കൂടുതല്‍ പ്രമുഖർ അന്വേഷണപരിധിയിലേക്ക് വരുമെന്നാണ് സൂചന. കേന്ദ്ര ഏജൻസികള്‍ സംസ്ഥാന വിഷയങ്ങളില്‍ അനാവശ്യമായി ഇടപെടുന്നുവെന്ന വിമർശനം നിലനില്‍ക്കെയാണ് ശബരിമല കേസിലെ പുതിയ നീക്കം. കുറ്റകൃത്യത്തിലൂടെ സമ്ബാദിച്ച പണം എവിടെ നിക്ഷേപിച്ചു, ബിനാമി ഇടപാടുകള്‍ നടന്നിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് ഇ.ഡി പ്രധാനമായും പരിശോധിക്കുക. കേസില്‍ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്താലുടൻ പ്രതികളുടെ സ്വത്തുക്കള്‍ കണ്ടുകെട്ടുന്നത് അടക്കമുള്ള നടപടികളിലേക്ക് കടക്കാൻ ഇ.ഡിക്ക് സാധിക്കും.

സംസ്ഥാന പൊലിസിന്റെ അന്വേഷണത്തില്‍ കാര്യമായ പുരോഗതിയില്ലെന്നും ഉന്നതരെ രക്ഷിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും നേരത്തെ ആക്ഷേപമുയർന്നിരുന്നു. ഈ സാഹചര്യത്തിലാണ് സമാന്തര അന്വേഷണവുമായി ഇ.ഡി രംഗത്തെത്തുന്നത്. സ്വർണക്കടത്ത്, കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പ് തുടങ്ങിയ കേസുകളില്‍ ഇ.ഡി നടത്തിയ അന്വേഷണങ്ങള്‍ സംസ്ഥാനത്ത് വലിയ രാഷ്ട്രീയചലനങ്ങള്‍ സൃഷ്ടിച്ചെന്ന് മാത്രമല്ല, സി.പി.എമ്മിനെ പ്രതിരോധത്തിലാക്കുകയും ചെയ്തിരുന്നു. ശബരിമലയുമായി ബന്ധപ്പെട്ട കേസായതിനാല്‍ ബി.ജെ.പി രാഷ്ട്രീയമായി ഉപയോഗിക്കാൻ സാധ്യതയുമുണ്ട്. കള്ളപ്പണം വെളുപ്പിക്കല്‍ തടയല്‍ നിയമപ്രകാരം (പി.എം.എല്‍.എ) അന്വേഷണം തുടങ്ങുന്നതിനായി പ്രത്യേക അന്വേഷണ സംഘം രേഖപ്പെടുത്തിയ മൊഴികളും രണ്ട് എഫ്.ഐ.ആറുകളുടെ പകർപ്പുകളുമായിരുന്നു ഇ.ഡി ആവശ്യപ്പെട്ടിരുന്നത്. പ്രത്യേക അന്വേഷണ സംഘത്തിന്റെ എതിർപ്പ് മറികടന്നാണ് ഇ.ഡി അന്വേഷണത്തിന് കോടതി ഉത്തരവിട്ടത്. ശബരിമലയിലെ അതീവ സുരക്ഷാ മേഖലയായ സ്‌ട്രോങ് റൂമില്‍നിന്ന് കണക്കില്‍പ്പെടാത്ത സ്വർണവും വെള്ളിയും നഷ്ടപ്പെട്ടത് സംസ്ഥാനത്തുടനീളം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചിരുന്നു. ദേവസ്വം ബോർഡ് വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് വൻ ക്രമക്കേട് കണ്ടെത്തിയത്.

തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ ചരിത്രത്തില്‍ ഇത്തരമൊരു കവർച്ചയും നിയമനടപടികളും അപൂർവമാണ്. 2017ലാണ് കേസിനാസ്പദമായ സംഭവം നടന്നതെന്നാണ് പ്രാഥമിക നിഗമനം. ശ്രീകോവിലിന്റെ വാതിലുകളിലും ദ്വാരപാലക വിഗ്രഹങ്ങളിലും പൊതിഞ്ഞ സ്വർണത്തില്‍ തിരിമറി നടത്തിയെന്നാണ് പ്രധാന ആരോപണം.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version