HOME
രാഹുലിന് ഇന്ന് നിര്‍ണായക ദിനം; വയനാട്ടില്‍ കീഴടങ്ങാൻ സാദ്ധ്യത, പരിശോധന ശക്തമാക്കി പൊലീസ്
ലൈംഗികപീഡനക്കേസില്‍ കുരുക്ക് മുറുകിയതോടെ ഒളിവില്‍പ്പോയ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എ ഇന്ന് വയനാട്ടിലെ കോടതികളില്‍ ഏതെങ്കിലും ഒരിടത്ത് കീഴടങ്ങുമെന്ന് സൂചന.
ഇതോടെ പൊലീസ് വാഹനപരിശോധന ഊർജിതമാക്കിയിരിക്കുകയാണ്. രാഹുല്‍ കർണാടകയില്‍ ഒളിവില്‍ കഴിയുകയാണെന്നാണ് നേരത്തെ പൊലീസിന് ലഭിച്ച വിവരം. കല്‍പ്പറ്റ കോടതിയില്‍ കീഴടങ്ങാനാണ് കൂടുതല്‍ സാദ്ധ്യത.
എന്നാല്‍ ഇത് പൊലീസിന്റെയും മാദ്ധ്യമങ്ങളുടെയും ശ്രദ്ധ തിരിക്കാനാണെന്നും മാനന്തവാടി കോടതിയിലോ ബത്തേരി കോടതിയിലോ ആയിരിക്കും രാഹുല്‍ കീഴടങ്ങുകയെന്നും അഭ്യൂഹങ്ങള്‍ പടരുകയാണ്.രാഹുല്‍ വയനാട്ടില്‍ത്തന്നെയാണ് ഒളിവില്‍ കഴിയുന്നതെന്നും കേരള-കര്‍ണാടക അതിര്‍ത്തിയിലാണെന്നുമെല്ലാമുള്ള അഭ്യൂഹങ്ങളും ഇതിനിടയില്‍ പരന്നു. അതിനാല്‍ ഇന്നലെ വൈകിട്ട് മുതല്‍ മുത്തങ്ങ ഉള്‍പ്പെടെയുള്ള വയനാട് – കര്‍ണാടക അതിര്‍ത്തി പ്രദേശങ്ങളിലും ബത്തേരിയിലും പൊലീസ് പരിശോധന കര്‍ശനമാക്കിയിരുന്നു.
അതേസമയം, രാഹുലിന്റെ മുൻകൂർ ജാമ്യാപേക്ഷയുടെ വിധി ഇന്ന് പുറത്തുവരും. തിരുവനന്തപുരം ജില്ലാ പ്രിൻസിപ്പല്‍ സെഷൻസ് കോടതിയാണ് വിധി പറയുക. രാഹുലിന്റെ അറസ്റ്റ് കോടതി തടഞ്ഞിട്ടില്ല. രാഹുലിന്റെ അപേക്ഷപ്രകാരം അടച്ചിട്ട മുറിയിലായിരുന്നു ഇന്നലെ വാദം കേട്ടത്. ഡിജിറ്റല്‍ തെളിവുകളടക്കം നിരത്തി വാദി, പ്രതിഭാഗങ്ങള്‍ നടത്തിയ വാദം ഒന്നര മണിക്കൂറിലേറെ നീണ്ടിരുന്നു. മുൻകൂർ ജാമ്യാപേക്ഷയെ പ്രോസിക്യൂഷൻ എതിർത്തു.
ബലാത്സംഗം നടന്നുവെന്നതിന് ശക്തമായ തെളിവുകളുണ്ടെന്ന് പ്രോസിക്യൂഷൻ വാദിച്ചു. കുട്ടിവേണമെന്ന് നിർബന്ധിച്ച് ഗർഭിണിയാക്കിയ ശേഷം ഗർഭച്ഛിദ്രത്തിന് രാഹുല്‍ അതിജീവിതയെ നിർബന്ധിച്ചു. ഇത് തെളിയിക്കുന്ന ചാറ്റുകളടക്കം പ്രോസിക്യൂഷനുവേണ്ടി ഹാജരായ ജില്ലാ ഗവ. പ്ലീഡർ അഡ്വ. ഗീനാകുമാരി ഹാജരാക്കി.
എന്നാല്‍, ഉഭയകക്ഷി സമ്മതപ്രകാരമാണ് ലൈംഗിക ബന്ധത്തില്‍ ഏർപ്പെട്ടതെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇത് തെളിയിക്കുന്നതിനായി അതിജീവിതയുടെ ചാറ്റുകളും ഫോട്ടോകളും ഉള്‍പ്പെടെ ഹാജരാക്കി. വിവാഹവാഗ്ദാനം നിലനില്‍ക്കില്ലെന്ന് തെളിയിക്കാൻ അതിജീവിതയുടെ വിവാഹഫോട്ടോകളടക്കം രാഹുലിനു വേണ്ടി ഹാജരായ അഡ്വ.ശാസ്തമംഗലം അജിത്കുമാർ ഹാജരാക്കി. ഇന്നലെ രാവിലെ 11.45ന് തുടങ്ങിയ വാദം ഉച്ചയ്ക്ക് 1.20ന് പൂർത്തിയായി.