HOME

ബംഗ്ലാദേശിന്‍റെ പ്രസ്താവനയില്‍ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി; വീണ്ടും വിശദീകരണവുമായി ബംഗ്ലാദേശ് പൊലീസ്

Published

on

ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയത്തിന്‍റെ പ്രസ്താവനയില്‍ ഇന്ത്യയ്ക്ക് കടുത്ത അതൃപ്തി. ന്യൂനപക്ഷ സംരക്ഷണത്തില്‍ ഇന്ത്യയ്ക്കുള്ള പരോക്ഷ വിമർശനം അനാവശ്യമെന്നാണ് സർക്കാർ വൃത്തങ്ങള്‍ വ്യക്തമാക്കുന്നത്.

ഹിന്ദുക്കളുടെ സുരക്ഷയില്‍ ബംഗ്ലാദേശ് ഇടക്കാല സർക്കാരിന്‍റെ തുടർ നടപടി നിരീക്ഷിക്കാനാണ് ഇന്ത്യയുടെ തീരുമാനം. ബംഗ്ലാദേശില്‍ ഹിന്ദു യുവാവ് കൊല്ലപ്പെട്ടതില്‍ ഇന്നലെ ഇന്ത്യയുടെ പ്രസ്താവനയെ എതിർത്ത് ബംഗ്ലാദേശ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. ഈ പ്രസ്താവനയിലാണ് ഇന്ത്യയ്ക്ക് അതൃപ്തി. പ്രധാനമന്ത്രിയും സ്ഥിതി നിരീക്ഷിക്കുന്നുണ്ട്. അതേസമയം, ബംഗ്ലാദേശിലെ സാഹചര്യം മോശമായി തുടരുകയാണ്. ആഭ്യന്തരം സംഘര്‍ഷം വ്യാപകമായി തുടരുകയാണ്. ഇതിനിടെയാണ് ഇരുരാജ്യങ്ങള്‍ തമ്മിലും അസ്വാരസ്യങ്ങളുണ്ടാകുന്നത്.

അതേസമയം, ബംഗ്ലാദേശിലെ യുവനേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലയാളികള്‍ ഇന്ത്യയിലെത്തിയതായി തെളിവില്ലെന്ന് വീണ്ടും ബംഗ്ലാദേശ് പൊലീസ് വ്യക്തമാക്കി. ബംഗ്ലാദേശിലെ ചില മാധ്യമങ്ങളും ഇന്ത്യ വിരുദ്ധ സംഘടനകളും ഈ പ്രചാരണം നടത്തുന്നതിനിടെയാണ് പൊലീസ് വിശദീകരണം. ഹാദിയെ വധിച്ച ഫൈസല്‍ കരീം ഇന്ത്യയില്‍ മഹാരാഷ്ട്രയില്‍ എത്തിയെന്ന് വരെ ചില ബംഗ്ലാദേശ് മാധ്യമങ്ങള്‍ വാർത്ത നല്‍കിയിരുന്നു. ഇന്ത്യ ഈ വാർത്തകളോട് പ്രതികരിച്ചിരുന്നില്ല.

ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷയില്‍ ആശങ്ക അറിയിച്ചും ബംഗ്ലാദേശിലെ സാഹചര്യം നിരീക്ഷിക്കുന്നുവെന്നും വ്യക്തമാക്കിയുള്ള ഇന്ത്യയുടെ പ്രസ്താവനയ്ക്കുള്ള ബംഗ്ലാദേശിന്‍റെ മറുപടിയിലാണ് കടുത്ത അതൃപ്തി. ദില്ലിയിലെ ബംഗ്ലാദേശ് ഹൈക്കമ്മീഷൻ ആക്രമിച്ചുവെന്ന ബംഗ്ലാദേശ് മാധ്യമങ്ങളുടെ പ്രചാരണം ഇന്ത്യ പ്രസ്താവനയില്‍ തള്ളിയിരുന്നു. എന്നാല്‍, ഇന്ത്യയുടെ പ്രസ്താവന അംഗീകരിക്കാതെ ദില്ലിയിലെ ബംഗ്ലാദേശ് ഹൈകമ്മീഷന് അടുത്ത് ആള്‍ക്കൂട്ടമെത്തിയത് ആശങ്കയായുണ്ടാക്കുന്നതാണെന്നാണ് ബംഗ്ലാദേശ് പ്രസ്താവനയില്‍ വ്യക്തമാക്കിയത്. ബംഗ്ലാദേശ് നയതന്ത്ര ഉദ്യോഗസ്ഥരുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. തെറ്റിദ്ധാരണജനകമായ പ്രചാരണമെന്ന ഇന്ത്യയുടെ വാദം ശരിയല്ലെന്നും ഹിന്ദു യുവാവിന്‍റെ കൊലപാതകം ന്യൂനപക്ഷങ്ങള്‍ക്കെതിരായ അക്രമമായി ചിത്രീകരിക്കരുതെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം വാര്‍ത്താകുറിപ്പില്‍ പറയുന്നു. ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കേണ്ടത് തെക്കനേഷ്യൻ രാജ്യങ്ങളുടെയെല്ലാം ഉത്തരവാദിത്വമാണെന്നും ബംഗ്ലാദേശ് വിദേശകാര്യ മന്ത്രാലയം പറഞ്ഞു.

ഷെയ്ക് ഹസീനയ്ക്കെതിരായ പ്രക്ഷോഭം നടത്തിയ യുവാക്കളുടെ സംഘടനയായ ഈൻക്വിലാബ് മഞ്ചിന്‍റെ നേതാവ് ഷെരീഫ് ഒസ്മാൻ ഹാദിയുടെ കൊലപാതകത്തിനുശേഷമുള്ള സാഹചര്യത്തെക്കുറിച്ച്‌ ഇന്ത്യ ഇന്നലെയാണ് ഔദ്യോഗികമായി പ്രതികരിച്ചത്. ദില്ലിയിലെ ബംഗ്ലാദേശി ഹൈക്കമ്മീഷൻ ഒരു സംഘം ആക്രമിച്ചുവെന്ന് ചില ബംഗ്ലാദേശി മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നുണ്ടെന്നും ഇത് അടിസ്ഥാഹരിതമാണെന്നും ഇന്ത്യ പ്രസ്താവനയില്‍ വ്യക്തമാക്കിയിരുന്നു. ഇന്നലെ രാത്രി 25ഓളം പേർ ഹൈക്കമ്മീഷന് അടുത്ത് നിന്ന് മുദ്രാവാക്യം വിളിച്ചിരുന്നു. അക്രമത്തിനിടെ ബംഗ്ലാദേസില്‍ ഹിന്ദു യുവാവ് ദിപു ചന്ദ്രദാസിനെ മരത്തില്‍ കെട്ടിയിട്ട് കത്തിച്ച്‌ കൊലപ്പെടുത്തിയതിലായിരുന്നു പ്രതിഷേധം. ഈ ചെറിയ സംഘം ഹൈക്കമ്മീഷനിലേക്ക് തള്ളിക്കയറിയെന്ന വാർത്ത തെറ്റെന്നും ഇന്ത്യ വ്യക്തമാക്കി. ദിപു ചന്ദ്രദാസിന്‍റെ കൊലയാളികളെ ബംഗ്ലാദേശ് നിയമത്തിനു മുന്നില്‍ കൊണ്ടു വരണം. ഹിന്ദുക്കള്‍ അടക്കമുള്ള ബംഗ്ലാദേശിലെ ന്യൂനപക്ഷങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ഇക്കാര്യത്തില്‍ ഇന്ത്യൻ ഉദ്യോഗസ്ഥർ ബംഗ്ലാദേശ് അധികൃതരുമായി നിരന്തരം സമ്ബർക്കത്തിലാണ്.ബംഗ്ലാദേശില്‍ ഉരുത്തിരിയുന്ന സാഹചര്യം നിരീക്ഷിക്കുകയാണെന്നും ഇന്ത്യ പ്രസ്താവനയില്‍ പറയുന്നു.

ഹിന്ദു യുവാവിന്‍റെ കൊലപാതകത്തില്‍ പത്തു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ഷെരീഫ് ഒസ്മാൻ ഹാദിയുടെ സംസ്കാരം ഇന്നലെ ബംഗ്ലാദേശില്‍ നടന്നിരുന്നു. ഈൻക്വിലാബ് മഞ്ചിലെ തന്നെ പ്രവർത്തകനായ ഫൈസല്‍ കരീമാണ് ഹാദിയെ വധിക്കുന്നതിന് നേതൃത്വം നല്കിയത്. ഇയാള്‍ നേരത്തെ ഷെയ്ക് ഹസീനയുടെ പാർട്ടിയുടെ വിദ്യാർത്ഥി സംഘടനയില്‍ ഉണ്ടായിരുന്നു. ഫൈസല്‍ കരീമിന്‍റെ ഭാര്യ, ഭാര്യാ സഹോദരൻ, ഒരു വനിതാ സുഹൃത്ത് എന്നിവരെ പൊലീസ് അറസ്റ്റു ചെയ്തു. ബംഗ്ലാദേശിനെ പിടിച്ചുലയ്ക്കുന്ന ഒരു സംഭവം ഉണ്ടാകുമെന്ന് ഫൈസല്‍ വനിത സുഹൃത്തിനോട് പറഞ്ഞിരുന്നുവെന്നാണ് റിപ്പോർട്ട്. ഫൈസല്‍ കരീം ബീഹാറില്‍ ആദ്യം എത്തുകയും പിന്നീട് പുതിയ സിംകാർഡ് എടുത്ത് മഹാരാഷ്ട്രയിലേക്ക് പോയെന്നും ചില ബംഗ്ലാദേശി മാധ്യമങ്ങള്‍ വാർത്ത നല്കുന്നുണ്ട്. എന്നാല്‍, ഇതിനോട് ഇന്ത്യ പ്രതികരിച്ചിട്ടില്ല. ബംഗ്ലാദേശ് പൊലീസും ഇക്കാര്യം തള്ളിക്കളയുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version