HOME
ഓടാൻ ഒരുങ്ങാം: ദുബായ് റൺ നവംബർ 23ന്!
നഗര ഹൃദയത്തെ ഓട്ടക്കളമാക്കുന്ന ദുബായ് റൺ നവംബർ 23ന്. എല്ലാ പ്രായക്കാർക്കും ഓട്ടത്തിൽ പങ്കാളികളാകാം. മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ, എമിറേറ്റ്സ് ടവർ, ദുബായ് ഓപ്പറ, ബുർജ് ഖലീഫ എന്നിവയ്ക്കു മുന്നിലൂടെയാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. 10 കിലോമീറ്റർ, ഫാമിലി – ഫ്രണ്ട്‌ലി വിഭാഗത്തിൽ 5 കിലോമീറ്ററിലും ഓടാം. ഓടാത്തവർക്ക് ആവേശം പകരാൻ എത്താം.
ഓട്ടത്തിൽ പങ്കെടുക്കുന്നവർക്ക് രാവിലെ 4ന് എത്താം. 6.30ന് ഓട്ടം തുടങ്ങും. രാവിലെ 8ന് സ്റ്റാർട്ട് ലൈൻ അടയ്ക്കും. നേരത്തെ വരുന്നവർക്ക് മികച്ച സ്ഥലത്ത് നിന്ന് ഓട്ടം തുടങ്ങാൻ കഴിയും. വൈകി വന്നാൽ, ഓട്ടം പൂർത്തിയാക്കാൻ ആവശ്യമായ സമയം ലഭിക്കില്ല. 5 കിലോമീറ്റർ റൂട്ട് ഷെയ്ഖ് സായിദ് റോഡിൽ മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിനു മുന്നിൽ നിന്ന് തുടങ്ങും.
ബുർജ് ഖലീഫ, ദുബായ് ഓപ്പറ വഴി ദുബായ് മാളിൽ അവസാനിക്കും. 10 കിലോമീറ്റർ ദൂരം മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിൽ നിന്ന് തുടങ്ങി ദുബായ് കനാൽ കടന്ന്, ഷെയ്ഖ് സായിദ് റോഡ് വഴി ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ ഗേറ്റിൽ അവസാനിക്കും. മികച്ച ഓട്ടക്കാർക്ക് വേണ്ടിയുള്ളതാണ് ഈ റൂട്ട്.
മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കാൻ അവസരം. 13 വയസ്സിൽ താഴെയുള്ള കുട്ടികൾ മുതിർന്നവർക്കൊപ്പം പേരുകൾ റജിസ്റ്റർ ചെയ്യണം. മുതിർന്നവർക്ക് ഏറ്റവും കുറഞ്ഞത് 21 വയസ്സുണ്ടാകണം. 13 മുതൽ 21 വയസ്സുവരെയുള്ളവർക്ക് നേരിട്ട് റജിസ്റ്റർ ചെയ്യാമെങ്കിലും മാതാപിതാക്കളുടെ സമ്മതം വേണം. റജിസ്റ്റർ ചെയ്തവർ സബീൽ പാർക്കിലെ ഫിറ്റ്നസ് വില്ലേജിൽ നിന്ന് ചെസ്റ്റ് നമ്പരും (ബിബ്) ടീ ഷർട്ടും ഏറ്റുവാങ്ങണം. ബിബ് ഇല്ലാതെ ഓട്ടത്തിൽ പങ്കെടുക്കാൻ കഴിയില്ല. ഓടുന്നവർക്ക് ആവശ്യത്തിനു സമയം എടുത്ത് ഓട്ടം പൂർത്തിയാക്കാം. ചിത്രം എടുക്കേണ്ടവർ ഓട്ടത്തിനിടെ റോഡിന്റെ വശങ്ങളിലേക്കു മാറി നിന്ന് ചിത്രം പകർത്താം. ബാഗുകളുമായി ഓടാൻ പാടില്ല. ഓടാനെത്തുന്നവർ വാട്ടർ ബോട്ടിൽ കൊണ്ടുവരണം. അതിൽ നിറയ്ക്കാനുള്ള വെള്ളം സംഘാടകർ ഒരുക്കും.