BUSINESS
നികുതി നയം സമ്പന്നരെ രാജ്യം വിടാന്‍ പ്രേരിപ്പിക്കുന്നതായി സമ്മതിച്ച് ബ്രിട്ടൻ ബിസിനസ് സെക്രട്ടറി പീറ്റര്‍ കെയ്ല്‍
ലേബര്‍ സര്‍ക്കാരിന്റെ നികുതി നയം സമ്പന്നരെ ബ്രിട്ടന്‍ വിട്ട് പോകാന്‍ പ്രേരിപ്പിക്കുന്നതായി കാബിനറ്റ് മന്ത്രി തന്നെ സമ്മതിച്ചു. വ്യവസായ സംരംഭകര്‍ കൂട്ടത്തോടെ നാട് വിടുന്നത് ആശങ്കയുയര്‍ത്തുന്നു എന്നാണ് ബിസിനസ് സെക്രട്ടറി പീറ്റര്‍ കെയ്ല്‍ പറഞ്ഞത്.
നികുതി ഭാരവും, നോണ്‍ – ഡോം സ്റ്റാറ്റസ് എടുത്തു കളഞ്ഞതും ഇതിന് കാരണങ്ങളാകാമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. റെയ്ച്ചല്‍ റീവ്സ് നടത്തുന്ന നികുതി ഭാരം താങ്ങാനാകാത്തതിനാല്‍ കോടീശ്വരന്മാരും മറ്റ് നിക്ഷേപകരും രാജ്യം വിടുന്നു എന്ന റിപ്പോര്‍ട്ടുകള്‍ പുറത്തു വരുന്നതിനിടെ നടത്തിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
അതിനിടെ, റീവ്സിന്റെ പദ്ധതികള്‍ ബ്രിട്ടീഷ് സമ്പദ്ഘടനയെ തളര്‍ത്തുകയാണെന്ന ആരോപണവുമായി ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ ഒരു മുന്‍ ഗവര്‍ണറും രംഗത്തെത്തി. നയങ്ങളില്‍ മാറ്റം വരുത്തണമെന്നും ബ്രിട്ടീഷ് വ്യാപാര- വ്യവസായ സ്ഥാപനങ്ങള്‍ക്ക് മേല്‍ അധിക ചെലവിന്റെ സമ്മര്‍ദ്ദം അടിച്ചേല്‍പ്പിക്കരുത് എന്നും വ്യവസായ സമൂഹം ആവശ്യപ്പെടുകയാണ്. നികുതി ഭാരത്തില്‍ ജനങ്ങളും ചെറുകിട വ്യവസായികളും ഉള്‍പ്പെടെ കടുത്ത പ്രതിസന്ധിയിലാണ്.