HOME

ശൈഖ് സായിദ് റോഡില്‍ ജനസാഗരം; ദുബൈ റണ്ണില്‍ പങ്കെടുത്തത് 3.07 ലക്ഷം പേര്‍

Published

on

ദുബൈ ഫിറ്റ്‌നസ് ചലഞ്ചിന്റെ ഭാഗമായി നടന്ന ദുബൈ റണ്ണില്‍ ശൈഖ് സായിദ് റോഡ് ജനസാഗരമായി. മ്യൂസിയം ഓഫ് ദ ഫ്യൂച്ചറിന് സമീപത്ത് നിന്ന് ആരംഭിച്ച ഓട്ടത്തില്‍ അഞ്ച് കിലോമീറ്റർ, പത്ത് കിലോമീറ്റർ റൂട്ടുകളിലായാണ് ഓട്ടക്കാർ പങ്കെടുത്തത്.

ദുബൈ റണ്ണില്‍ 3,07,000 പേർ പങ്കെടുത്തതായി ദുബൈ കിരീടാവകാശിയും ഉപപ്രധാനമന്ത്രിയും പ്രതിരോധ മന്ത്രിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാശിദ് അല്‍ മക്തൂം വെളിപ്പെടുത്തി.

ഞായറാഴ്ച പുലർച്ചെ ഓട്ടം തുടങ്ങുന്നതിന് മുന്നേ തന്നെ വലിയ ജനക്കൂട്ടം ശൈഖ് സായിദ് റോഡില്‍ എത്തിയിരുന്നു. ഓട്ടക്കാർക്ക് ആവേശം പകർന്നുകൊണ്ട് വിവിധ പ്രകടനങ്ങളും നടന്നു. പാരാമോട്ടറുകള്‍, സ്‌കൈഡൈവർമാർ, എക്‌സ് – ഫ്ലൈറ്റ് എന്നിവ ഉള്‍പ്പെടെ ലോകോത്തര നിലവാരമുള്ള വിമാന അഭ്യാസ പ്രകടനങ്ങളാണ് അരങ്ങേറിയത്. സുരക്ഷ ഉറപ്പാക്കുന്നതിനായി ദുബൈ പോലീസ് പട്രോളിംഗ് കർശനമാക്കിയിരുന്നു. പങ്കെടുക്കുന്നവർക്ക് യാത്ര ചെയ്യാനായി ദുബൈ മെട്രോ സർവീസ് വിപുലപ്പെടുത്തി. ഓട്ടം സമാപിച്ച ഉടനെ സുരക്ഷാ പരിശോധനയും വൃത്തിയാക്കലും പൂർത്തിയാക്കി ശൈഖ് സായിദ് റോഡ് വീണ്ടും ഗതാഗതത്തിനായി തുറന്നു കൊടുത്തു.

“ഓട്ടക്കാർക്ക് വലിയ നന്ദി. ദുബൈ പ്രചോദിപ്പിക്കുന്നത് ഒരിക്കലും നിർത്തുന്നില്ല.’ ശൈഖ് ഹംദാൻ ഇൻസ്റ്റാഗ്രാമില്‍ കുറിച്ചു. ദുബൈയെ ലോകത്തിലെ ഏറ്റവും സജീവമായ നഗരങ്ങളിലൊന്നാക്കി മാറ്റുകയെന്ന കാഴ്ചപ്പാടാണ് ദുബൈ റണ്‍ മുന്നോട്ടുവെക്കുന്നതെന്ന് ദുബൈ സ്‌പോർട്‌സ് കൗണ്‍സില്‍ സെക്രട്ടറി ജനറല്‍ സഈദ് ഹാരിബ് പറഞ്ഞു. പങ്കാളിത്തത്തിലെ ഈ ശ്രദ്ധേയമായ പ്രതികരണം കായികരംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള കമ്യൂണിറ്റിയുടെ അവബോധം എടുത്തു കാണിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version