CANADA
കാനഡ പൗരത്വ നിയമങ്ങള്‍ പരിഷ്കരിക്കുന്നു; പുതിയ നീക്കം ഇന്ത്യക്കാര്‍ക്ക് ഗുണകരമാകുമെന്ന് സൂചന
രാജ്യത്തെ പൗരത്വനിയമം ഭേദഗതി വരുത്താനൊരുങ്ങി കാനഡ. വിദേശത്ത് ജനിക്കുകയോ ദത്തെടുക്കുകയോ ചെയ്ത കുട്ടികള്‍ക്കും ആയിരക്കണക്കിന് ഇന്ത്യന്‍ വംശജരായ കുടുംബങ്ങള്‍ക്കും ഗുണകരമാകുന്നതാണ് പുതിയ ബില്‍.
പൗരത്വ നിയമം (2025) ഭേദഗതി ചെയ്യുന്നതിനുള്ള ബില്‍ സി-3 കഴിഞ്ഞ ബുധനാഴ്ച സെനറ്റില്‍ പാസാക്കി. നിയമം പ്രാബല്യത്തില്‍ വരുന്നതോടെ രാജ്യത്തെ പൗരത്വനിയമം കൂടുതല്‍ ലളിതമാകും.
2009ല്‍ അവതരിപ്പിച്ച ബില്‍ അനുസരിച്ച് കാനഡയ്‌ക്കു പുറത്ത് ജനിക്കുന്നതോ ദത്തെടുക്കപ്പെടുന്നതോ ആയ കുട്ടികള്‍ക്ക് പൗരത്വം ലഭിക്കണമെങ്കില്‍, മാതാപിതാക്കളില്‍ ഒരാളെങ്കിലും കാനഡയില്‍ ജനിച്ചവരാകണം. എന്നാല്‍ മാത്രമേ വംശാവലി അനുസരിച്ച് പൗരത്വം ലഭിക്കുമായിരുന്നുള്ളൂ. അതായത് 2009-ലെ നിയമം അനുസരിച്ച്, കനേഡിയൻ മാതാപിതാക്കള്‍ വിദേശത്ത് ജനിച്ചവരാണെങ്കില്‍, അവരുടെ വിദേശത്ത് ജനിക്കുന്ന കുട്ടികള്‍ക്ക് സ്വയമേവ കനേഡിയൻ പൗരന്മാരാകാൻ കഴിയില്ല. 2023 ഡിസംബറില്‍, ഒന്റാറിയോ സുപ്പീരിയർ കോടതി ഈ വ്യവസ്ഥ ഭരണഘടനാ വിരുദ്ധമാണെന്ന് വിധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ തീരുമാനം അംഗീകരിക്കുകയും വിധിക്കെതിരെ അപ്പീല്‍ നല്‍കേണ്ടതില്ലെന്ന് തീരുമാനിച്ചതും. വിദേശത്ത് ജനിച്ചതോ ദത്തെടുക്കപ്പെട്ടതോ ആയ കുട്ടികളുള്ള കുടുംബങ്ങള്‍, മുൻ നിയമങ്ങളാല്‍ ഒഴിവാക്കപ്പെട്ട ആളുകള്‍ എന്നിവർക്ക് പൗരത്വം നല്‍കുന്നതാണ് പുതിയ ബില്‍ എന്നാണ് കാനഡയിലെ ഇമിഗ്രേഷൻ മന്ത്രി ലെന മെറ്റ്‌ലെജ് ഡയബ് വിശദമാക്കുന്നത്.
പുതിയ വ്യവസ്ഥ പ്രകാരം, വിദേശത്ത് ജനിച്ച ഒരു കനേഡിയൻ രക്ഷിതാവിന് കുട്ടിയുടെ ജനനത്തിനോ ദത്തെടുക്കലിനോ മുമ്ബ് കുറഞ്ഞത് 1,095 ദിവസമെങ്കിലും കാനഡയില്‍ ചെലവഴിച്ചിട്ടുണ്ടെങ്കില്‍ അവരുടെ കുട്ടിക്കും കനേഡിയൻ പൗരത്വം ലഭിക്കും. യുഎസ്, യുകെ, ഓസ്ട്രേലിയ തുടങ്ങിയ രാജ്യങ്ങളിലെ പൗരത്വ നിബന്ധനകളോട് ഏറെ സമാനമാണ് കാനഡയിലെ പുതിയ വ്യവസ്ഥ. നേരത്തെയുള്ള വ്യവസ്ഥ അനുസരിച്ച് ലോസ്റ്റ് കനേഡിയൻസ് എന്ന വിഭാഗത്തില്‍ നിരവധിപ്പേർ ഉള്‍പ്പെട്ടിരുന്നു. ഇവർക്ക് പൗരത്വം ലഭിക്കും. ബില്‍ സി 3യെ വലിയ രീതിയിലാണ് പതിനായിര കണക്കിന് ഇന്ത്യക്കാർ അടക്കമുള്ള കുടിയേറ്റ സമൂഹം വരവേല്‍ക്കുന്നത്.