BUSINESS

ഭാരത് ടാക്സി നിരത്തിലേക്ക്, നിരക്ക് നിസ്സാരം; ഓലയ്ക്കും ഊബറിനും വെല്ലുവിളി.

Published

on

ഓണ്‍ലൈൻ ടാക്സി സംവിധാനങ്ങളായ ഓലയ്ക്കും ഊബറിനും റാപ്പിഡോയ്ക്കും കടുത്ത എതിരാളിയാകാൻ സർക്കാർ അംഗീകൃത ടാക്സി സർവീസ് ‘ഭാരത് ടാക്സി’ നിരത്തിലേക്ക്.

ജനുവരി ഒന്ന് മുതല്‍ ഭാരത് ടാക്സി പ്രവർത്തനം ആരംഭിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ട്. ഓല, ഊബർ, റാപ്പിഡോ പോലുള്ള കമ്ബനികളില്‍ നിന്ന് വ്യത്യസ്തമായിരിക്കും ഈ സംവിധാനം. ഒരു സഹകരണ സംരംഭമായിട്ടാകും ഭാരത് ടാക്സി പ്രവർത്തിക്കുക.

രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ ജനുവരിയില്‍ ഭാരത് ടാക്സിയുടെ പ്രവർത്തനം തുടങ്ങാനാണ് ലക്ഷ്യമിടുന്നത്. ഡല്‍ഹിയിലും ഗുജറാത്തിലെ ചില ഭാഗങ്ങളിലും ഇതിന്റെ പൈലറ്റ് ഓപ്പറേഷൻ ഇതിനോടകം ആരംഭിച്ചിട്ടുണ്ട്. ഈ നഗരങ്ങളിലെ പ്രവർത്തനം വിജയമായാല്‍ മറ്റ് ഇന്ത്യൻ നഗരങ്ങളിലേക്കും ഭാരത് ടാക്സി എത്തിയേക്കും.

ഓട്ടോറിക്ഷകള്‍, ബൈക്ക് ടാക്സികള്‍, കാറുകള്‍ എന്നിവ ഈ പ്ലാറ്റ്‌ഫോമിന് കീഴില്‍ അണിനിരക്കും. കേന്ദ്ര സഹകരണ മന്ത്രാലയവും നാഷണല്‍ ഇ-ഗവേണൻസ് ഡിവിഷനും (NeGD) ചേർന്നാണ് പദ്ധതി നടപ്പാക്കുന്നത്. 2025 ജൂണില്‍ 300 കോടി രൂപയുടെ പ്രാരംഭ മൂലധനത്തോടെ രൂപീകരിച്ച സഹകാർ ടാക്സി കോ ഓപറേറ്റീവ് ലിമിറ്റഡ് ആണ് പദ്ധതിയുടെ നടത്തിപ്പ് ചുമതല. ഒരു ഡ്രൈവർ ഉടമസ്ഥതയിലുള്ള മൊബിലിറ്റി പ്ലാറ്റ്‌ഫോമാണിത്.

ഡ്രൈവർമാരുടെ വരുമാനം സംരക്ഷിക്കുക എന്നതാണ് പ്രധാന ലക്ഷ്യം. ലോകത്തിലെ ഏറ്റവും വലിയ ഡ്രൈവർ ഉടമസ്ഥതയിലുള്ള മൊബിലിറ്റി ശൃംഖലയായി മാറാനാണ് ലക്ഷ്യമിടുന്നത്. ഡല്‍ഹിയിലും ഗുജറാത്തിലെ സൗരാഷ്ട്ര മേഖലയിലുമായി ഒരു ലക്ഷത്തിലധികം ഡ്രൈവർമാർ ഇതിനോടകം രജിസ്റ്റർ ചെയ്തിട്ടുണ്ട്. കാറുകള്‍, ഓട്ടോറിക്ഷകള്‍, ബൈക്ക് ടാക്സികള്‍ എന്നിവ ഓടിക്കുന്നവരാണ് ഇവർ. രജിസ്റ്റർ ചെയ്ത ഡ്രൈവർമാരില്‍ മൂന്നില്‍ രണ്ട് ഭാഗവും കാർ ഓപ്പറേറ്റർമാരാണ്. ബാക്കിയുള്ളവർ ഓട്ടോറിക്ഷ, ബൈക്ക് ടാക്സി ഡ്രൈവർമാരാണ്.

ഈ പുതിയ സർവീസിനായി ‘ഭാരത് ടാക്സി’ എന്ന പേരില്‍ ഒരു മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കിയിട്ടുണ്ട്. ഇത് ആൻഡ്രോയിഡ്, ഐഒഎസ് പ്ലാറ്റ്‌ഫോമുകളില്‍ ലഭ്യമാണ്. ഇതിനോടകം 75,000ല്‍ അധികം ഡൗണ്‍ലോഡുകള്‍ ഈ ആപ്പിന് ലഭിച്ചിട്ടുണ്ട്. നിലവിലുള്ള മറ്റ് റൈഡ് – ഹെയ്‌ലിങ് ആപ്പുകളില്‍ ഉള്ളത് പോലെയുള്ള സൗകര്യങ്ങള്‍ ഇതിലും ലഭ്യമാണ്. യാത്രക്കൂലിയില്‍ സുതാര്യത, പല ഭാഷകളിലുള്ള പിന്തുണ, വാഹനത്തിന്റെ തത്സമയ ട്രാക്കിങ്, 24 മണിക്കൂറും ഉപഭോക്തൃ പിന്തുണ എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

യാത്രക്കാരുടെയും ഡ്രൈവർമാരുടെയും സുരക്ഷയ്ക്ക് ‘ഭാരത് ടാക്സി’ വലിയ പ്രാധാന്യം നല്‍കുന്നുണ്ട്. ഡ്രൈവർമാരുടെ തിരിച്ചറിയല്‍ രേഖകള്‍ പരിശോധിക്കുന്നതിനോടൊപ്പം ഡല്‍ഹി പോലീസുമായും മറ്റ് ഏജൻസികളുമായും സഹകരിച്ച്‌ സുരക്ഷ ഉറപ്പാക്കാനും പദ്ധതിയുണ്ട്. എസി, നോണ്‍-എസി, പ്രീമിയം, എക്സ്‌എല്‍ കാറുകള്‍ എന്നിങ്ങനെ വിവിധതരം റൈഡ് വിഭാഗങ്ങള്‍ ഉപഭോക്താക്കള്‍ക്ക് തെരഞ്ഞെടുക്കാൻ സാധിക്കും. വെറും രണ്ട് മിനിറ്റിനുള്ളില്‍ വാഹനം ലഭ്യമാക്കുമെന്നും ആകർഷകമായ നിരക്കുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നും കമ്ബനി പറയുന്നു. ആദ്യത്തെ 4 കിലോമീറ്ററിന് കുറഞ്ഞത് 30 രൂപ. 4 കിലോമീറ്ററിനും 12 കിലോമീറ്ററിനും ഇടയിലുള്ള ദൂരത്തിന് ഒരു കിലോമീറ്ററിന് 23 രൂപയും. 12 കിലോമീറ്ററിന് മുകളിലുള്ള ദൂരത്തിന് ഒരു കിലോമീറ്ററിന് 18 രൂപ എന്നിങ്ങനെയാണ് നിരക്ക്.

മറ്റ് ടാക്സി കമ്ബനികളെപ്പോലെ തന്നെ ‘ഭാരത് ടാക്സി’യും മെട്രോ പോലുള്ള പൊതുഗതാഗത സംവിധാനങ്ങളുമായി സഹകരിക്കുന്നുണ്ട്. ഇത് യാത്രക്കാർക്ക് ഒരൊറ്റ ആപ്പ് വഴി വിവിധ യാത്രാമാർഗങ്ങള്‍ തെരഞ്ഞെടുക്കാൻ സഹായിക്കും. നിലവില്‍ ഡല്‍ഹിയിലും ഗുജറാത്തിലും പരീക്ഷണാടിസ്ഥാനത്തില്‍ ഈ സേവനം ലഭ്യമാണ്. മൊബൈല്‍ നമ്ബർ ഉപയോഗിച്ച്‌ ഉപഭോക്താക്കള്‍ക്ക് സൈൻ അപ്പ് ചെയ്യാം. യാത്ര തുടങ്ങുന്ന സ്ഥലവും എത്തുന്ന സ്ഥലവും നല്‍കി റൈഡ് തെരഞ്ഞെടുക്കാം. യാത്രാവേളയില്‍ വാഹനത്തെ തത്സമയം ട്രാക്ക് ചെയ്യാനും സാധിക്കും. ഇത് നിലവിലുള്ള മറ്റ് പ്ലാറ്റ്‌ഫോമുകളില്‍ ലഭിക്കുന്ന അതേ അനുഭവം തന്നെ നല്‍കും.

ഭാരത് ടാക്സിയെ ഓല, ഊബർ പോലുള്ള കമ്ബനികളില്‍ നിന്ന് വ്യത്യസ്തമാക്കുന്നത് അതിന്റെ വരുമാന മാതൃകയാണ്. തുടക്കത്തില്‍, യാത്രക്കാരില്‍ നിന്ന് ലഭിക്കുന്ന മുഴുവൻ പണവും ഡ്രൈവർമാർക്ക് തന്നെ ലഭിക്കും. പിന്നീട് ഏകദേശം 20 ശതമാനം ഫീസ് ഈടാക്കാൻ സാധ്യതയുണ്ട്. ഈ തുക പിന്നീട് ഡ്രൈവർമാർക്ക് തന്നെ ഇൻസെന്റീവായി തിരികെ നല്‍കും. ഭാരത് ടാക്സി തിരക്കേറിയ സമയങ്ങളില്‍ ഉയർന്ന നിരക്ക് ഈടാക്കുന്നത് ഒഴിവാക്കാനാണ് ശ്രമിക്കുന്നത്. എങ്കിലും ചില പ്രത്യേക സാഹചര്യങ്ങളില്‍ നിരക്കില്‍ നേരിയ മാറ്റം ഉണ്ടാകാം. തിരക്കേറിയ സമയങ്ങളില്‍ വില കുത്തനെ ഉയരുന്നത് നിയന്ത്രിക്കുന്നതിനൊപ്പം ഡ്രൈവർമാർ യാത്ര നിരസിക്കല്‍, ബുക്കിങ് റദ്ദാക്കല്‍ തുടങ്ങിയ പരാതികള്‍ പരിഹരിക്കുന്നതിനുള്ള സംവിധാനങ്ങളും ഏർപ്പെടുത്തിയിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version