ENTERTAINMENT
നടൻ ശ്രീനിവാസൻ വിടവാങ്ങി; അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍
നടൻ ശ്രീനിവാസൻ (69) അന്തരിച്ചു. എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയിലായിരുന്നു അന്ത്യം. ആരോഗ്യനില വഷളായതിനെത്തുടർന്ന് ഇന്ന് രാവിലെയാണ് ആശുപത്രിയിലെത്തിച്ചത്.
അഭിനയം, സംവിധാനം, തിരക്കഥ തുടങ്ങി സിനിമയുടെ സമസ്‌ത മേഖലയിലും പ്രതിഭ തെളിയിച്ച വ്യക്തിയാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി അസുഖബാധിതനായി ചികിത്സയിലായിരുന്നു.
1956 ഏപ്രില്‍ നാലിന് തലശേരിക്കടുത്തുള്ള പാട്യത്ത് ജനിച്ചു. കതിരൂർ ഗവണ്‍മെന്റ് സ്‌കൂളിലും പഴശിരാജ എൻഎസ്‌എസ് കോളേജിലുമായാണ് പഠനം പൂർത്തിയാക്കിയത്. പിന്നീട് മദ്രാസില്‍ ഫിലിം ചേംബർ ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്നും സിനിമാ അഭിനയത്തില്‍ ഡിപ്ലോമ എടുത്തു. പ്രശസ്‌ത സിനിമാ നടൻ രജനികാന്ത് സഹപാഠിയായിരുന്നു. ശ്രീനിവാസൻ എഴുതി സംവിധാനം ചെയ്‌ത് അഭിനയിച്ച ചിന്താവിഷ്‌ടയായ ശ്യാമള, വടക്കുനോക്കിയന്ത്രം എന്നീ ചിത്രങ്ങള്‍ ദേശീയ, സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്.
1977ല്‍ പി എ ബക്കർ സംവിധാനം ചെയ്‌ത ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് സിനിമാരംഗത്തേക്കുള്ള കടന്നുവരവ്. 1984ല്‍ ‘ഓടരുതമ്മാവാ ആളറിയാം’ എന്ന സിനിമയ്‌ക്ക് കഥയെഴുതി. വിമലയാണ് ഭാര്യ. മക്കള്‍ – വിനീത് ശ്രീനിവാസൻ, ധ്യാൻ ശ്രീനിവാസൻ.
മികച്ച ഡബ്ബിംഗ് ആർട്ടിസ്റ്റ് കൂടിയായ ശ്രീനിവാസൻ വിധച്ചതും കൊതിച്ചതും, വില്‍ക്കാനുണ്ട് സ്വപ്‌നങ്ങള്‍, ഒരു മാടപ്രാവിന്റെ കഥ, കെ ജി ജോർജിന്റെ മേള എന്നീ ചിത്രങ്ങളില്‍ മമ്മൂട്ടിക്കുവേണ്ടിയും ഒരു മുത്തശിക്കഥ എന്ന ചിത്രത്തില്‍ തമിഴ് നടൻ ത്യാഗരാജനുവേണ്ടിയും ശബ്‌ദം നല്‍കിയിട്ടുണ്ട്. പല്ലാംകുഴി എന്ന ചിത്രത്തില്‍ നായകനായി അഭിനയിച്ച സാംബശിവനും ശബ്‌ദം നല്‍കിയത് ശ്രീനിവാസനായിരുന്നു.