HOME
ആധാർ കാർഡിൽ വരുന്നത് വമ്പൻ മാറ്റം, ഡിസംബർ ഒന്നിന് നിർദേശം അവതരിപ്പിക്കും
ഉടമയുടെ ഫോട്ടോയും ക്യൂആർ കോഡും മാത്രം ഉൾക്കൊള്ളുന്ന ആധാർ കാർഡ് പുറത്തിറക്കാനൊരുങ്ങി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ (യുഐഡിഎഐ). ഡാറ്റ ദുരുപയോഗം തടയുന്നതിനും ഓഫ്‌ലൈൻ വെരിഫിക്കേഷൻ കുറയ്ക്കുകയെന്നതുമാണ് ലക്ഷ്യം.
ഡിസംബർ ഒന്നിന് ആധാർ അതോറിറ്റിക്ക് മുന്നിൽ ഈ നിർദേശം അവതരിപ്പിക്കുമെന്ന് യുഐഡിഎഐ സിഇഒ ഭുവനേഷ് കുമാർ പറഞ്ഞു. പുതിയ ആപ്പിനെക്കുറിച്ചുള്ള ഓൺലൈൻ കോൺഫറൻസിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. ഹോട്ടലുകളുടെയും മറ്റ് സ്ഥാപനങ്ങളുടെയും ഓഫ്‌ലൈൻ വെരിഫിക്കേഷൻ ഒഴിവാക്കാൻ ഇത് കാരണമാകും. വ്യക്തികളുടെ സ്വകാര്യത നിലനിർത്തികൊണ്ട് ആധാർ ഉപയോഗിച്ചുകൊണ്ടുള്ള പ്രായ പരിശോധന നടത്താനും ഇത് സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഓഫ്‌ലൈൻ വെരിഫിക്കേഷന്റെ കാര്യത്തിൽ ഏതെങ്കിലും ആവശ്യത്തിനായി വ്യക്തികളുടെ ആധാർ നമ്പറോ ബയോമെട്രിക് വിവരങ്ങളോ ശേഖരിക്കുന്നതും ഉപയോഗിക്കുന്നതും സൂക്ഷിക്കുന്നതും നിരോധിച്ചിരുന്നു. എന്നാൽ നിരവധി സ്ഥാപനങ്ങൾ ആധാർ കാർഡിന്റെ ഫോട്ടോകോപ്പികൾ സൂക്ഷിക്കുന്നത് തുടരുകയാണ്. 18 മാസത്തിനുള്ളിൽ പൂർണ്ണമായും പ്രവർത്തനക്ഷമമാകുന്ന ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്ടിന് അനുസൃതമായി ആധാർ സേവനത്തെ പുതിയ ആപ്പ് മെച്ചപ്പെടുത്തുമെന്നാണ് പ്രതീക്ഷ.