Blog
വിമാനങ്ങള്‍ക്ക് ഇനി റണ്‍വേ വേണ്ട; ലംബമായ ലാൻഡിങ് പരീക്ഷണം വിജയകരമാക്കി മദ്രാസ് ഐ.ഐ.ടി
മദ്രാസ് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലെ (ഐ.ഐ.ടി) ഗവേഷകർ വിമാനങ്ങളുടെ ലംബമായ ടേക്ക് ഓഫും ലാൻഡിങ്ങും യാഥാർത്ഥ്യമാകുന്നതിനുള്ള സുപ്രധാനമായൊരു കാല്‍വെപ്പാണ് നടത്തിയിരിക്കുന്നത്.
ഹൈബ്രിഡ് റോക്കറ്റ് ത്രസ്റ്ററും വെർച്വല്‍ സിമുലേഷൻ സാങ്കേതികവിദ്യയും സംയോജിപ്പിച്ചുള്ള പരീക്ഷണം വിജയകരമായി പൂർത്തിയാക്കി. റോക്കറ്റ് കൃത്യതയോടെയും സുരക്ഷിതമായും ലംബമായി താഴെയിറങ്ങി.
ഐ.ഐ.ടി മദ്രാസ് ഗവേഷകർ തന്നെയാണ് ഈ റോക്കറ്റിനായുള്ള പ്രത്യേക ഹൈബ്രിഡ് ഇന്ധനം വികസിപ്പിച്ചത്. സാധാരണ വിമാനങ്ങളില്‍ ദ്രാവകരൂപത്തിലുള്ള ഓക്സിഡൈസറിന് പകരം, ഇവിടെ കംപ്രസ് ചെയ്ത വായുവാണ് ഓക്സിഡൈസറായി ഉപയോഗിച്ചത്. വിമാനങ്ങളില്‍ എളുപ്പത്തില്‍ ലഭ്യമാക്കാവുന്ന കംപ്രസ് ചെയ്ത വായു ഉപയോഗിച്ചുള്ള ഈ സംവിധാനം നിലവിലുള്ള വിമാനങ്ങളില്‍ നടപ്പിലാക്കിയാല്‍ സുരക്ഷ വർദ്ധിപ്പിക്കാൻ കഴിയുമെന്ന് ഗവേഷകർ അഭിപ്രായപ്പെടുന്നു.
ഈ സാങ്കേതികവിദ്യ ഭാവിയില്‍ വിമാനങ്ങളില്‍ ഉപയോഗിക്കാനായാല്‍, ടേക്ക് ഓഫിനും ലാൻഡിങ്ങിനുമായി റണ്‍വേകള്‍ ആവശ്യമില്ലാതെ വരും. ഹെലികോപ്റ്ററുകള്‍ക്ക് സമാനമായി, ദുർഘടമായ പ്രദേശങ്ങള്‍, പർവതങ്ങള്‍, ദ്വീപുകള്‍ തുടങ്ങിയ അടിസ്ഥാന സൗകര്യങ്ങള്‍ കുറഞ്ഞ എവിടെയും വിമാനങ്ങള്‍ക്ക് ലംബമായി പറന്നുയരാനും താഴെയിറങ്ങാനും സാധിക്കും.