HOME

ബ്രിട്ടനിലെ തൊഴിലില്ലായ്മ 5 ശതമാനമായി; 2021ന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്ക്

Published

on

യുകെയിലെ തൊഴിലില്ലായ്മയുടെ നിരക്ക് സെപ്റ്റംബര്‍ അവസാനിക്കുന്ന മൂന്നുമാസത്തില്‍ 5 ശതമാനമായി ഉയര്‍ന്നതായുള്ള കണക്കുകള്‍ പുറത്തുവന്നു. 2020 ഡിസംബര്‍ മുതല്‍ 2021 ഫെബ്രുവരി വരെയുള്ള കാലയളവിന് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വിദഗ്ധര്‍ പ്രവചിച്ചതിനേക്കാള്‍ കൂടുതലാണ് ഈ വര്‍ധന. പുതിയ കണക്കുകള്‍ ബജറ്റിന് മുന്‍പുള്ള സാമ്പത്തിക ആശങ്കകള്‍ വര്‍ധിപ്പിച്ചു.

ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് (ONS) പ്രകാരം ശരാശരി വേതന വര്‍ധനയും കുറയുന്ന പ്രവണതയിലാണെന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍ നല്‍കുന്ന സൂചന . പൊതു മേഖലയിലെ വേതനവര്‍ധന 6.6 ശതമാനമായപ്പോള്‍, സ്വകാര്യ മേഖലയിലെ വളര്‍ച്ച 4.2 ശതമാനമായി ചുരുങ്ങി. ബാങ്ക് ഓഫ് ഇംഗ്ലണ്ട് അടുത്ത ഏതാനും വര്‍ഷങ്ങളിലും തൊഴില്‍രഹിതത്വം 5 ശതമാനത്തിന് സമീപം തുടരുമെന്നാണ് പ്രവചിക്കുന്നത്. ദിവസേന 1000 പേര്‍ക്കെങ്കിലും തൊഴില്‍ നഷ്ടമാകുന്നുവെന്നാണ് കണക്ക്.

ജനങ്ങളുടെ തൊഴിലുകള്‍ പിടിച്ചുപറിക്കുന്ന നിലയിലേക്ക് കാര്യങ്ങള്‍ എത്തിച്ചത് റേച്ചല്‍ റീവ്‌സിന്റെ ഭ്രാന്തന്‍ നയങ്ങളാണെന്നാണ് കുറ്റപ്പെടുത്തല്‍. കഴിഞ്ഞ വര്‍ഷം യുകെയില്‍ 180,000-ലേറെ പേര്‍ക്കാണ് ജോലി തെറിച്ചത്. കഴിഞ്ഞ രണ്ട് മാസത്തില്‍ 64,000 പേര്‍ക്ക് തൊഴില്‍ നഷ്ടമായെന്നും ഔദ്യോഗിക കണക്കുകള്‍ വ്യക്തമാക്കുന്നു.

ലേബറിന്റെ സാമ്പത്തിക നയങ്ങളുടെ വിധിയെഴുത്തായാണ് തൊഴിലില്ലായ്മ നിരക്ക് ഈ നിലയില്‍ എത്തി നില്‍ക്കുന്നതിനെ വ്യാഖ്യാനിക്കുന്നത്. ഒരു ജോലിയും ചെയ്യാതെ ബെനഫിറ്റുകള്‍ കൈപ്പറ്റുന്ന ആളുകളുടെ എണ്ണം റെക്കോര്‍ഡില്‍ എത്തുമ്പോഴാണ് ജനങ്ങള്‍ക്ക് വന്‍തോതില്‍ ജോലി നഷ്ടമാകുന്നത്. നാല് മില്ല്യണ്‍ ജനങ്ങളാണ് ആനുകൂല്യങ്ങള്‍ കൈപ്പറ്റി വീട്ടിലിരിക്കുന്നത്. 25 ബില്ല്യണ്‍ പൗണ്ടിന്റെ നാഷണല്‍ ഇന്‍ഷുറന്‍സ് വേട്ടയാണ് തൊഴില്‍ നഷ്ടം വര്‍ദ്ധിപ്പിക്കുന്നതിലേക്ക് നയിച്ചതെന്നാണ് ആരോപണം.

വിപണിയിലെ ഈ ദുര്‍ബലതയെ കുറിച്ച് വിദഗ്ധര്‍ കടുത്ത ആശങ്ക ആണ് പ്രകടിപ്പിച്ചത് . ചെറുകിട വ്യവസായങ്ങളുടെ ഉയര്‍ന്ന നികുതി, നിയമങ്ങള്‍, ചെലവുകള്‍ എന്നിവ കാരണം ജീവനക്കാരെ നിയമിക്കുന്നത് മന്ദഗതിയിലാണെന്നും ഫെഡറേഷന്‍ ഓഫ് സ്മോള്‍ ബിസിനസസ് അറിയിച്ചു. വരാനിരിക്കുന്ന ബജറ്റില്‍ സര്‍ക്കാര്‍ തൊഴില്‍ വര്‍ധനയ്ക്കും വളര്‍ച്ചയ്ക്കും അനുകൂലമായ നടപടികള്‍ സ്വീകരിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടാണ് വ്യവസായ സംഘടനകളുടെ പ്രതികരണം.

യുകെയില്‍ ജോലി ചെയ്യാത്തതോ പഠിക്കാത്തതോ ആയ വെറുതെയിരിക്കുന്ന യുവാക്കളുടെ എണ്ണം കൂടുന്നതായി അടുത്തിടെ റിപ്പോര്‍ട്ട് വന്നിരുന്നു. വെറുതെയിരിക്കുന്ന യുവതലമുറയുടെ എണ്ണം പെരുകുന്നത് സമ്പദ്‌വ്യവസ്ഥയ്ക്കു വലിയ ആഘാതമാണ്. മാത്രമല്ല സര്‍ക്കാരിന് ഇത്തരക്കാര്‍ ബാധ്യതയുമാണ്.

തൊഴില്‍, പെന്‍ഷന്‍ വകുപ്പിന്റെ കണക്കനുസരിച്ച്, കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ യൂണിവേഴ്സല്‍ ക്രെഡിറ്റ് (യുസി) ഹെല്‍ത്ത് ആന്‍ഡ് എംപ്ലോയ്‌മെന്റ് സപ്പോര്‍ട്ട് അലവന്‍സ് ക്ലെയിം ചെയ്യുന്ന യുവാക്കളുടെ എണ്ണം 50%-ത്തിലധികം വര്‍ദ്ധിച്ചു.

യുസി ഹെല്‍ത്ത് ഘടകത്തിലെ ഏകദേശം 80% യുവാക്കളും നിലവില്‍ മാനസികാരോഗ്യ കാരണങ്ങളോ നാഡീ വികസന അവസ്ഥയോ ആണ് ഉദ്ധരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Trending

Exit mobile version