HOME
പ്രവാസികള്‍ക്ക് തിരിച്ചടി, സൗദി അറേബ്യയില്‍ 44 അക്കൗണ്ടിങ് തസ്തികകളില്‍ സ്വദേശിവത്കരണം
അക്കൗണ്ടിങ് മേഖലയിലെ സ്വദേശിവത്കരണത്തില്‍ 44 ജോലികള്‍ ഉള്‍പ്പെടുമെന്ന് സൗദി മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.വാണിജ്യ മന്ത്രാലയവുമായി സഹകരിച്ച് അഞ്ചോ അതിലധികമോ അക്കൗണ്ടന്റുമാർ ജോലി ചെയ്യുന്ന സ്വകാര്യ മേഖല സ്ഥാപനങ്ങളിലെ അക്കൗണ്ടിങ് ജോലികളിലെ സൗദിവല്‍ക്കരണം 40 ശതമാനം വർധിപ്പിക്കാനുള്ള തീരുമാനത്തിന്റെ ആദ്യ ഘട്ടം നടപ്പിലായതായി വ്യക്തമാക്കിയപ്പോഴാണ് മാനവ വിഭവശേഷി മന്ത്രാലയം ഇക്കാര്യം പറഞ്ഞത്.
ഫിനാൻഷ്യല്‍ മാനേജർ, അക്കൗണ്ടിങ് മാനേജർ, ഫിനാൻസ് ആൻഡ് അക്കൗണ്ടിങ് മാനേജർ, അക്കൗണ്ട്സ് ആൻഡ് ബജറ്റ് മാനേജർ, ട്രഷറി മാനേജർ, ബജറ്റ് മാനേജർ, കലക്ഷൻ മാനേജർ, ട്രഷറി മാനേജർ, സർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റ്, ഫിനാൻഷ്യല്‍ കണ്‍ട്രോളർ, സീനിയർ ഫിനാൻഷ്യല്‍ ഓഡിറ്റർ എന്നിവ ഇവയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്.
അഞ്ച് വർഷത്തിനുള്ളില്‍ അഞ്ച് ഘട്ടങ്ങളിലായി 70 ശതമാനത്തിലെത്തുന്നതുവരെ അക്കൗണ്ടിങ് ജോലികളിലെ സ്വദേശിവത്കരണം നടപ്പിലാക്കാനാണ് പദ്ധതി. ബിരുദമോ തത്തുല്യമോ ഉള്ളവർക്ക് 6,000 റിയാലും ഡിപ്ലോമയോ തത്തുല്യമോ ഉള്ളവർക്ക് 4,500 റിയാലുമാണ് ഏറ്റവും കുറഞ്ഞ വേതനം നിശ്ചയിച്ചിരിക്കുന്നത്.
രാജ്യത്തുടനീളമുള്ള എല്ലാ മേഖലകളിലും പുരുഷന്മാർക്കും സ്ത്രീകള്‍ക്കും കൂടുതല്‍ വൈവിധ്യമാർന്ന തൊഴിലവസരങ്ങള്‍ നല്‍കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് മാനവ വിഭവശേഷി മന്ത്രാലയം വ്യക്തമാക്കി.
തീരുമാനത്തിന്റെ വിശദാംശങ്ങളും സ്വദേശിവത്കരണ അനുപാതങ്ങളും വ്യക്തമാക്കുന്നതിനായി നടപടിക്രമ ഗൈഡ് വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിയമപരമായ ശിക്ഷകള്‍ ഒഴിവാക്കാൻ എല്ലാ സ്ഥാപനങ്ങളും തീരുമാനം പാലിക്കണമെന്ന് മാനവ വിഭവശേഷി മന്ത്രാലയം ആവശ്യപ്പെട്ടു.