BUSINESS
കൊച്ചി വാട്ടർ മെട്രോ പറവൂരിലേക്ക് നീട്ടാനുള്ള നടപടി പുരോഗമിക്കുന്നു; റോഡിൽ തിരക്ക് കുറയും! ഗുണം ആർക്ക്?
ലോകം വാഴ്ത്തിപ്പാടിയ കൊച്ചിയുടെ വാട്ടർ മെട്രോ മാതൃക കൂടുതൽ ഇടങ്ങളിലേക്ക് വിപുലീകരിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. കടമക്കുടി ഉൾപ്പെടെയുള്ള ടൂറിസം കേന്ദ്രങ്ങളിലേക്ക് ഇത് വ്യാപിപ്പിക്കാനുള്ള നീക്കങ്ങൾ നടക്കുന്നുണ്ട്. അതിനിടെ കൊച്ചിയുടെ തന്നെ ഉപനഗരമായ പറവൂരിലേക്ക് വാട്ടർ മെട്രോയുടെ സർവീസുകൾ എന്ന് എത്തുമെന്ന കാത്തിരിപ്പിലാണ് ഇവിടുത്തെ നിവാസികൾ.
ആയിരക്കണക്കിന് യാത്രക്കാർക്ക് ഒരുപോലെ പ്രയോജനകരമാവുന്ന വിപുലീകരണം ആയിരിക്കും ഇതെന്നതിൽ ഒരു സംശയവും വേണ്ട. ഇതിന്റെ പ്രാഥമിക നടപടികൾ വേഗത്തിൽ തന്നെ പുരോഗമിക്കുന്നുണ്ട്. പറവൂർ തട്ടുകടവിൽ മുസിരിസ് പദ്ധതിപ്രകാരം പണിതീർത്ത ബോട്ട്‌ജെട്ടി ഉള്ളതിനാൽ കാര്യങ്ങൾ എളുപ്പമാവും. തീരത്തോടുചേർന്ന് ഗതാഗതയോഗ്യമായ വീതിയേറിയ റോഡ് സൗകര്യവും നേരത്തെ തന്നെയുണ്ട്.
ഇനി ഇതിന്റെ വിപുലീകരണം മാത്രമാണ് നടത്തേണ്ടത്. വാട്ടർ മെട്രോ അടുക്കത്തക്ക വിധത്തിൽ ജെട്ടി വിപുലപ്പെടുത്തുന്നത് സംബന്ധിച്ച് മുസിരിസ് പൈതൃക പ്രോജക്റ്റ് അധികൃതരുമായി ചർച്ചയ്ക്ക് ഒരുങ്ങുകയാണ് പറവൂർ നഗരസഭ. അത് വേഗത്തിൽ പൂർത്തിയാക്കി ജെട്ടി വിപുലീകരണം നടന്നാൽ പറവൂരിലേക്കും വാട്ടർ മെട്രോ എത്താൻ വൈകില്ലെന്നാണ് പ്രതീക്ഷ.
കൊച്ചിയിൽ നിന്നും നിലവിൽ ചേരാനെല്ലൂരിലേക്കും ഏലൂരിലേക്കും വാട്ടർ മെട്രോ സർവീസ് നടത്തിവരുന്നുണ്ട്. ഇതിന് പുറമേ പ്രധാന ടൂറിസം കേന്ദ്രങ്ങളായ കടമക്കുടിയിലും പാലിയംതുരുത്തിലും ബോട്ട്‌ജെട്ടിയുടെ പണി അവസാന ഘട്ടത്തോടടുക്കുകയും ചെയ്യുന്നുണ്ട്. ഈ വർഷം ഡിസംബർ മാസാവസാനത്തോടെ ഈ സ്ഥലങ്ങളിലും വാട്ടർ മെട്രോ സർവീസ് എത്തിക്കാൻ കഴിയുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.
ഇപ്പോൾ തന്നെ പറവൂരിലേക്കുള്ള ജലമാർഗത്തിന്റെ വിശദമായ രൂപരേഖയും നിലവിലുള്ള സൗകര്യവും ഉൾപ്പെടുത്തി പ്രാഥമികരേഖ തയ്യാറാക്കി കഴിഞ്ഞുവെന്നാണ് ലഭ്യമായ വിവരം. വരുംദിവസങ്ങളിൽ തന്നെ പറവൂർ നഗരസഭാധികൃതർ വാട്ടർ മെട്രോ എംഡിയെ കണ്ട് ചർച്ച നടത്താൻ തീരുമാനിച്ചു കഴിഞ്ഞു. ഇത് കൂടി പൂർത്തിയായാൽ നടപടികൾക്ക് ആക്കം കൂടുമെന്നാണ് കരുതുന്നത്.
ടൂറിസവും മെച്ചപ്പെടും
പണ്ടുകാലത്ത് ചരക്കുവള്ളങ്ങളും ബോട്ടുകളും എത്തിയിരുന്ന ചരിത്ര പ്രാധാന്യമുള്ള കടവാണ് തട്ടുകടവ്. പറവൂർ പുഴയോടുചേർന്നുള്ള പുരാതനമായ ചന്തയ്ക്കടുത്താണ് ഈ കടവ് നിലകൊള്ളുന്നത്. തൃശൂർ ജില്ലയിലെ കുണ്ടൂർ, കൂഴൂർ, കോട്ടപ്പുറം എന്നിവിടങ്ങളിൽനിന്ന് പോയകാലത്തെ യാത്രാബോട്ടുകൾ തട്ടുകടവിൽ വന്നിരുന്നു. വാട്ടർ മെട്രോ വരുന്നതോട് കൂടി ഈ മേഖലയ്ക്ക് പഴയ പ്രതാപം കൈവരുമെന്നാണ് കരുതുന്നത്.
നിലവിൽ മുസിരിസ് ബോട്ട് ജെട്ടിയിൽ ടൂറിസം ബോട്ടുകൾ എത്തുന്നുണ്ട്. തട്ടുകടവിലെ ബോട്ട് ജെട്ടിയിലും വാട്ടർ ഫ്രണ്ടിലും ഇപ്പോൾ ധാരാളമായി ബോട്ടുകൾ എത്തുന്നുണ്ട്. കെട്ടിയുയർത്തിയ തീരം, സൗന്ദര്യവത്കരിച്ച നടപ്പാത, ഇരിപ്പിടങ്ങൾ എന്നിവയും ഒക്കെ ഉള്ളതിനാൽ ഇവിടെ യാത്രക്കാർ ധാരാളമായി വരുന്നുണ്ട്. വാട്ടർ മെട്രോ കൂടി വരുന്നതോടെ മേഖലയിലെ ടൂറിസത്തിന് നല്ല രീതിയിൽ ഗുണം ചെയ്യുമെന്നാണ് കരുതുന്നത്.
വാട്ടർ മെട്രോയുടെ ഗുണങ്ങൾ
ശരിക്കും പറഞ്ഞാൽ ടൂറിസവും അത്യാധുനിക സൗകര്യവും ഒന്നും അല്ല വാട്ടർ മെട്രോ നടപ്പാക്കുന്നതിലൂടെ പറവൂർ നിവാസികൾ കണ്ണ് വയ്ക്കുന്നത്. വർഷങ്ങളായി അവർ കൊച്ചിയിലെത്താൻ പെടുന്ന പെടാപ്പാടിന് ഒരു അന്ത്യമാവും എന്ന നിലയിലാണ്. ഇപ്പോഴത്തെ സാഹചര്യത്തിൽ പറവൂരിൽ നിന്നുള്ള സാധാരണ തൊഴിലാളികൾ, സർക്കാർ ജീവനക്കാർ, മറ്റ് സ്വകാര്യ ജീവനക്കാർ, വിദ്യാർത്ഥികൾ എന്നിവർ ബസ് സർവീസുകളെ ആശ്രയിച്ചാണ് കൊച്ചിയിലും തിരിച്ചു ഇങ്ങോട്ടും യാത്ര ചെയ്യുന്നത്.
എന്നാൽ അതാവട്ടെ ഗതാഗത കുരുക്ക്, മറ്റ് തടസങ്ങൾ എന്നിവ മൂലം ദുഷ്‌കരമാവുന്ന സാഹചര്യമാണ് കാണാൻ കഴിയുന്നത്. ഈ സാഹചര്യത്തിലാണ് എറണാകുളം മുതൽ പറവൂർ വരെ വാട്ടർ മെട്രോ സർവീസ് നീട്ടണമെന്ന് നഗരസഭ കൗൺസിൽ കഴിഞ്ഞ ദിവസം ഐകകണ്ഠ്യേന പ്രമേയം പാസാക്കി സർക്കാരിന് അയച്ചിരിക്കുന്നത്. ഇതുവഴി മേഖലയിലെ റോഡ് ഗതാഗതത്തിലെ തിരക്കുകൾ ഗണ്യമായി കുറയ്ക്കാനും കഴിയുമെന്നാണ് പ്രതീക്ഷ.