HOME
എന്‍എച്ച്എസ് കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍; അടിയന്തരമായി മൂന്ന് ബില്യണ്‍ പൗണ്ട് ആവശ്യമെന്ന് മുന്നറിയിപ്പ്
എന്‍എച്ച്എസ് വന്‍ സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണെന്നു റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു. ഇതിനെ തുടര്‍ന്ന് സേവനങ്ങള്‍ക്കും തൊഴില്‍ അവസരങ്ങള്‍ക്കും വെട്ടിക്കുറവ് വരാതിരിക്കാന്‍ അധികമായി മൂന്ന് ബില്യണ്‍ പൗണ്ട് കൂടി അനുവദിക്കണമെന്ന് ഹെല്‍ത്ത് മേധാവികള്‍ ആവശ്യപ്പെട്ടു. വര്‍ഷാന്ത്യ ബജറ്റില്‍ പിരിച്ചു വിടലുകള്‍ക്കും സമരങ്ങള്‍ക്കും മരുന്ന് വിലവര്‍ധനയ്ക്കുമുള്ള ചെലവുകള്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്ന് എന്‍എച്ച്എസ് കോണ്‍ഫെഡറേഷനും എന്‍എച്ച്എസ് പ്രൊവൈഡേഴ്സും സംയുക്ത പ്രസ്താവനയില്‍ വ്യക്തമാക്കി.
ആരോഗ്യ വകുപ്പ്, ട്രഷറി എന്നിവ തമ്മില്‍ അധിക ഫണ്ടിനെ കുറിച്ച് ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്ന് ആരോഗ്യമന്ത്രി വെസ് സ്റ്റ്രീറ്റിങ് അറിയിച്ചു. ഇതിനിടെ സര്‍ക്കാര്‍ ആവശ്യപ്പെട്ടിട്ടുള്ള ജീവനക്കാരുടെ വന്‍ തോതിലുള്ള കുറവിനായി ആവശ്യമായ ഒരു ബില്യണ്‍ പൗണ്ട് പോലും വകയിരുത്തിയിട്ടില്ലെന്നാണ് മാനേജര്‍ ഉന്നയിച്ചിരിക്കുന്ന ആരോപണം. എന്‍എച്ച്എസും ആരോഗ്യ വകുപ്പും തമ്മിലുള്ള ലയനം മൂലം ജീവനക്കാരുടെ എണ്ണം ഇനിയും കുറയാനാണ് സാധ്യത.
മരുന്നുകളുടെ വിലവര്‍ധന, തസ്തിക വെട്ടിച്ചുരുക്കുന്നതിനുള്ള നഷ്ടപരിഹാരവും ഡോക്ടര്‍മാരുടെ സമരവും ഒക്കെ ചേര്‍ന്ന് എന്‍എച്ച്എസിന് വന്‍ ബാധ്യതയായി മാറുകയാണ്. ജൂലൈയിലെ ഡോക്ടര്‍മാരുടെ സമരത്തില്‍ മാത്രം 300 മില്യണ്‍ പൗണ്ട് ആണ് നഷ്ടം . നവംബറില്‍ അഞ്ചുദിവസം സമരം നടത്താനാണ് തീരുമാനം.
വീണ്ടും സമരം നടക്കുകയാണെങ്കില്‍ ഇതേ തോതില്‍ ചെലവ് ഉയരുമെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ സൂചിപ്പിക്കുന്നത്. യുഎസുമായുള്ള പുതിയ കരാര്‍ എന്‍എച്ച്എസിന് 1.5 ബില്യണ്‍ പൗണ്ട് അധികബാധ്യത സൃഷ്ടിക്കുമെന്ന മുന്നറിയിപ്പും ഉയര്‍ന്നിട്ടുണ്ട്. ധനകാര്യ സഹായം ലഭിക്കാതിരുന്നതിനാല്‍ രോഗികളുടെ കാത്തിരിപ്പ് പട്ടിക വീണ്ടും കുതിയ്ക്കുമെന്നും മുന്നറിയിപ്പുണ്ട്