HOME
ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടി20 ഇന്ന്; സഞ്‍ജു ഇന്നും പുറത്തു തന്നെ, ശുഭ്മാന്‍ ഗില്ലിന് നിര്‍ണായകം
ഓസ്ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്ബരയിലെ നിർണായകമായ നാലാം മത്സരം ഇന്ന് ഗോള്‍ഡ് കോസ്റ്റിലെ കരാരയില്‍ നടക്കും
ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോഴും, രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയും മൂന്നാമത്തേതില്‍ ഇന്ത്യയും ജയിച്ച് പരമ്ബര 1-1 ന് തുല്യതയില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഉച്ചയ്ക്ക് 1.45 മുതല്‍ മത്സരത്തിനു തുടക്കമാകും. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലുമാണ് തത്സമയ സംപ്രേഷണം. പരമ്ബരയില്‍ മുൻതൂക്കം പിടിക്കാൻ ഇറങ്ങുന്ന ഇന്ത്യയില്‍ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ചുറ്റിപറ്റിയുള്ള ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. ഗില്ലിന്റെ വരവോടെ സഞ്ജു സാംസണ്‍ ടീമില്‍ നിന്ന് പുറത്തായത് ശ്രദ്ധേയമായപ്പോള്‍, ഗില്‍ തിരികെ ഫോം കണ്ടെത്തുമോയെന്നതാണ് പ്രധാന ചോദ്യം. അഭിഷേക് ശർമ്മയിലൂടെ ലഭിക്കുന്ന തകർപ്പൻ തുടക്കവും സൂര്യകുമാർ യാദവ്, തിലക് വർമ്മ, ജിതേഷ് ശർമ്മ, വാഷിംഗ്ടണ്‍ സുന്ദർ തുടങ്ങി മധ്യനിരയിലെ സ്ഥിരതയും ഇന്ത്യയുടെ ബാറ്റിംഗ് ശക്തിയാകും.
ബൗളിംഗ് നിരയിലും ഇന്ത്യക്ക് ആശ്വാസമുണ്ട്. അർഷ്ദീപ് സിംഗിന്റെ തിരിച്ചുവരവ് ആക്രമണ നിരയെ കൂടുതല്‍ ശക്തമാക്കിയപ്പോഴും, ഷിവം ദുബേയ്ക്ക് പകരം നിതീഷ് കുമാർ റെഡ്ഡിക്ക് അവസരം ലഭിക്കാനാണ് സാധ്യത. മറുവശത്ത്, ട്രാവിസ് ഹെഡിനും ഷോണ്‍ ആബട്ടിനും വിശ്രമം നല്‍കിയതോടെ ഓസ്ട്രേലിയൻ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹെഡിന് പകരം മാറ്റ് ഷോർട്ട് ഓപ്പണിംഗില്‍ മിച്ച് മാർഷിനൊപ്പം ഇറങ്ങും. അതേസമയം, മധ്യനിരയില്‍ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ മടക്കവരവും ഓസീസിന് വലിയ കരുത്താകും.
കരാര സ്റ്റേഡിയത്തില്‍ ഇതുവരെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. അതില്‍ ഒന്നുകില്‍ 10 ഓവർ മത്സരം മാത്രമായതിനാല്‍ ഈ പിച്ച് ഇരു ടീമിനും പുതുമ നിറഞ്ഞതായിരിക്കും. ഇന്നത്തെ മത്സരത്തില്‍ ചില വ്യക്തിഗത നേട്ടങ്ങളും ശ്രദ്ധേയമാണ്. ഇന്ത്യയുടെ യുവതാരമായ അഭിഷേക് ശർമ്മയ്ക്ക് ടി20 അന്താരാഷ്ട്രങ്ങളില്‍ 1000 റണ്‍സ് പിന്നിടാൻ വെറും 39 റണ്‍സും, തിലക് വർമയ്ക്ക് 9 റണ്‍സും മാത്രം മതി. അതിനാല്‍, ഇന്നത്തെ മത്സരം പരമ്ബരയുടെ നേട്ടം മാത്രമല്ല, കളിക്കാരുടെ വ്യക്തിഗത നേട്ടങ്ങള്‍ക്കും നിർണായകമാകും.