BUSINESS
വരുന്നത് ടാങ്ക് വേധ ജാവലിന്‍ മിസൈലുകള്‍; ഇന്ത്യയ്ക്കുള്ള 92.8 മില്യണ്‍ ഡോളറിന്റെ ആയുധവില്‍പ്പനയ്ക്ക് യുഎസിന്റെ അംഗീകാരം
ഇന്ത്യയ്ക്കുള്ള 92.8 മില്യണ്‍ ഡോളറിന്റെ ആയുധവില്‍പ്പനയ്ക്ക് യുഎസിന്റെ അംഗീകാരം. ജാവലിന്‍ മിസൈലുകള്‍, എക്‌സ്‌കാലിബര്‍ പ്രൊജക്ടൈല്‍സ് തുടങ്ങിയവ അടക്കമുള്ള ആയുധങ്ങള്‍ വില്‍ക്കാനുള്ള കരാറിനാണ് അംഗീകാരമായത്. ഇതുമായി ബന്ധപ്പെട്ട് ആവശ്യപ്പെട്ട എല്ലാ സര്‍ട്ടിഫിക്കേഷനുകളും നല്‍കിയതായി ഡിഫന്‍സ് സെക്യൂരിറ്റി കോ-ഓപ്പറേഷന്‍ ഏജന്‍സി(ഡിഎസ്‌സിഎ) യുഎസ് കോണ്‍ഗ്രസിനെ അറിയിച്ചു. ഇന്ത്യയുമായുള്ള നിര്‍ദിഷ്ട ആയുധവില്‍പ്പന യുഎസും ഇന്ത്യയുമായുള്ള തന്ത്രപ്രധാനബന്ധത്തെ ശക്തിപ്പെടുത്താന്‍ സഹായിക്കുമെന്നും ഡിഎസ്‌സിഎ പറഞ്ഞു.
ടാങ്ക് വേധ മിസൈലായ ജാവലിന്‍ എഫ്ജിഎം-148 മിസൈല്‍, 25 ജാവലിന്‍ ലൈറ്റ് വൈറ്റ് കമാന്‍ഡ് ലോഞ്ച് യൂണിറ്റുകള്‍ എന്നിവയാണ് 45.7 മില്യണ്‍ ഡോളറിന്റെ ആദ്യ പാക്കേജിലുള്ളത്. ഇതിനൊപ്പം സാങ്കേതിക സഹായങ്ങളടക്കമുള്ള അനുബന്ധസേവനങ്ങളും ഉള്‍പ്പെടുന്നു. എക്‌സ്‌കാലിബര്‍ പ്രൊജക്ടൈലുകളും ഇതുമായി ബന്ധപ്പെട്ട അനുബന്ധ ഉപകരണങ്ങളും അടങ്ങിയതാണ് രണ്ടാമത്തെ പാക്കേജ്. ഇതിന് ഏകദേശം 47.1 മില്യണ്‍ ഡോളര്‍ വിലവരുമെന്നും റിപ്പോര്‍ട്ടുകളില്‍ പറഞ്ഞു.
നിര്‍ദിഷ്ട ആയുധവില്‍പ്പന നിലവിലെയും ഭാവിയിലെയും ഭീഷണികളെ നേരിടാനും പ്രതിരോധ സംവിധാനം മെച്ചപ്പെടുത്താനും ഇന്ത്യയെ സഹായിക്കുമെന്ന് ഡിഎസ്‌സിഎ പറഞ്ഞു. പുതിയ ആയുധങ്ങളും സേവനങ്ങളും സേനകളില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യയ്ക്ക് ബുദ്ധിമുട്ടുണ്ടാകില്ലെന്നും ഡിഎസ്‌സിഎ കൂട്ടിച്ചേര്‍ത്തു.