BUSINESS
നിര്‍മിതബുദ്ധി വ്യോമയാന രംഗത്തേക്കും; ഓപ്പണ്‍ എഐയുമായി കരാറില്‍ ഏര്‍പ്പെട്ട് എമിറേറ്റ്‌സ്
വ്യോമയാന രംഗത്തേക്കും കടന്നുകയറാന്‍ നിര്‍മിതബുദ്ധി (എഐ). ദൈനംദിന പ്രവര്‍ത്തനങ്ങളിലും ഉപഭോക്തൃ സേവനത്തിലും നവീകരണത്തിലും നിര്‍മിതബുദ്ധിയുടെ പിന്തുണ ഉറപ്പാക്കാന്‍ വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഓപ്പണ്‍ എഐയുമായി കരാറില്‍ ഏര്‍പ്പെട്ടു. വിമാനക്കമ്പനിയുടെ പ്രവര്‍ത്തനങ്ങളില്‍ ഉടനീളം എഐ വ്യാപകമാക്കാനാണ് നീക്കം. ചാറ്റ്ജിപിടി എന്റര്‍പ്രൈസിന്റെ വിന്യാസം, പ്രത്യേക എഐ പരിശീലന പരിപാടികള്‍ എന്നിവയെല്ലാം ആദ്യഘട്ടത്തില്‍ നടപ്പാക്കും.
എമിറേറ്റ്‌സിന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് എഐ ഉപയോഗിച്ച് പരിഹാരങ്ങള്‍ കണ്ടെത്താനും അത് നടപ്പിലാക്കാനുമുള്ള നീക്കങ്ങള്‍ സഹകരണത്തിന്റെ കേന്ദ്രബിന്ദുവാണ്. പ്രവര്‍ത്തനങ്ങളുടെ ദീര്‍ഘകാല ആസൂത്രണത്തില്‍ എഐയെ സംയോജിപ്പിക്കും.
എക്‌സിക്യൂട്ടീവ് തലത്തിലുള്ള തന്ത്രപരമായ ഏകോപനം എഐ സാധ്യമാക്കും. വ്യോമയാന വ്യവസായരംഗത്തെ സങ്കീര്‍ണമായ വെല്ലുവിളികള്‍ നേരിടാനും പ്രവര്‍ത്തനം ശക്തിപ്പെടുത്താനും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്താനും എഐ സഹായിക്കും എന്നാണ് എമിറേറ്റ്‌സ് വിലയിരുത്തുന്നത്. വ്യോമയാന മേഖലയുടെ ഭാവിയെ എഐ എങ്ങനെ മാറ്റിമറിക്കും എന്നതിന്റെ ഉദാഹരണമാണ് ഈ കരാറെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രവര്‍ത്തനങ്ങളില്‍ എഐ മോഡലുകളുടെ ഇടപെടല്‍ കാര്യക്ഷമമാക്കുന്നതിന് എമിറേറ്റ്‌സിലെയും ഓപ്പണ്‍എഐയിലെയും സാങ്കേതിക ടീമുകള്‍ ഒരുമിച്ച് പ്രവര്‍ത്തിക്കാനാണ് കരാറിലൂടെ ധാരണയില്‍ എത്തിയിരിക്കുന്നത്. ജീവനക്കാരെ ശാക്തീകരിക്കുന്നതിലും ഉപഭോക്തൃ സേവനം മെച്ചപ്പെടുത്തുന്നതിലും എഐ നിര്‍ണായ പങ്ക് വഹിക്കുമെന്നാണ് വിലയിരുത്തല്‍.