BUSINESS
ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന ദുബൈ ബജറ്റിന് അംഗീകാരം
2026 – 28 വർഷത്തേക്കുള്ള ദുബൈ സർക്കാറിന്റെ പൊതു ബജറ്റിന് യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിൻ റാശിദ് അല്‍ മക്തൂം അംഗീകാരം നല്‍കി.
എമിറേറ്റിന്റെ ചരിത്രത്തിലെ ഏറ്റവും ഉയർന്ന ബജറ്റാണിത്. 329.2 ബില്യണ്‍ ദിർഹത്തിന്റെ വരുമാനവും 302.7 ബില്യണ്‍ ദിർഹമിന്റെ ചെലവുകളുമാണ് ബജറ്റില്‍ വകയിരുത്തിയിട്ടുള്ളത്. അഞ്ച് ശതമാനം പ്രവർത്തന മിച്ചവും കണക്കാക്കുന്നു.
അഞ്ച് ബില്യണ്‍ ദിർഹത്തിന്റെ പൊതുകരുതല്‍ ധനം ഉള്‍പ്പെടെ 107.7 ബില്യണ്‍ ദിർഹത്തിന്റെ വരുമാനമാണ് 2026ല്‍ പ്രതീക്ഷിക്കുന്നത്. അടിസ്ഥാന സൗകര്യ, നിർമാണ പദ്ധതി മേഖലക്കാണ് ബജറ്റില്‍ സിംഹഭാഗവും നീക്കിവെച്ചത്. 48 ശതമാനം തുക ഈ മേഖലക്ക് വകയിരുത്തിയപ്പോള്‍ സാമൂഹിക വികസന മേഖലക്ക് 28 ശതമാനവും സുരക്ഷ, നീതി മേഖലക്ക് 18 ശതമാനവും സർക്കാർ വികസന മേഖലക്ക് ആറ് ശതമാനവും നീക്കിവെച്ചു.
എമിറേറ്റിന്റെ ഭാവിയെക്കുറിച്ചുള്ള കാഴ്ചപ്പാടിന് അനുസൃതമായി സുസ്ഥിര സാമ്ബത്തിക വളർച്ച കൈവരിക്കാനും സർക്കാർ സേവനങ്ങളെ പിന്തുണക്കാനും അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കാനും ബജറ്റ് ലക്ഷ്യമിടുന്നു. സമൂഹത്തിന് സുരക്ഷിതവും സമൃദ്ധവുമായ അന്തരീക്ഷം നല്‍കുന്നതിനൊപ്പം ആഗോള നിക്ഷേപ കേന്ദ്രമെന്ന നിലയില്‍ ദുബൈയുടെ സ്ഥാനം ശക്തിപ്പെടുത്താനും പുതിയ ബജറ്റ് സഹായിക്കും.