SPORTS
രാജ്യാന്തര കരാട്ടെ മല്‍സരത്തില്‍ ഒന്നാംസ്ഥാനവും സ്വര്‍ണമെഡലും നേടി ഗ്ലാസ്‌ഗോ മലയാളി
ഗ്ലാസ്‌ഗോ: ജപ്പാനില്‍ നടന്ന രാജ്യാന്തര കരാട്ടെ ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനവും സ്വര്‍ണമെഡലും കരസ്ഥമാക്കി ഗ്ലാസ്‌ഗോ മലയാളിയും കുട്ടനാട് പുളിങ്കുന്ന് സ്വദേശിയുമായ ടോം ജേക്കബ്. ചിബാ-കെനിലെ മിനാമിബോസോ സിറ്റിയില്‍ ലോകത്തിലെ പ്രഗത്ഭരായ കരാട്ടെ മത്സരാര്‍ഥികള്‍ക്കൊപ്പം രണ്ട് ദിവസത്തെ പോരാട്ടത്തിലൂടെയാണ് ടോം ഈ ചാമ്പ്യന്‍ഷിപ് പട്ടം നിലനിര്‍ത്തിയത്.
മാര്‍ഷ്യല്‍ ആര്‍ട്‌സിലെ ഏറ്റവും ഉയര്‍ന്ന റാങ്കുകളിലൊന്നായ എട്ടാം ഡാന്‍ കരസ്ഥമാക്കിയ ടോം, കരാട്ടെയില്‍ ഗ്രാന്‍ഡ് മാസ്റ്റര്‍ റാങ്കുള്ള വ്യക്തിയാണ്. കരാട്ടെയിലെ പരിചയം, അറിവ്, കഴിവ്, സാങ്കേതികത്വം, അച്ചടക്കം, പെരുമാറ്റം തുടങ്ങിയ വ്യക്തിഗത മാനദണ്ഡങ്ങള്‍ പരിഗണിച്ചാണ് ഈ റാങ്കിങ് നല്‍കുന്നത്. ഇത്തവണത്തെ വിജയത്തിലൂടെ, കരാട്ടെ ആയോധനകലയിലെ ഏറ്റവും ഉയര്‍ന്ന ‘സീനിയര്‍ മാസ്റ്റര്‍ തിലകം’ എന്ന ബഹുമതിയായ ‘ഹാന്‍ഷി’ പദവിയും ടോം ജേക്കബ് കരസ്ഥമാക്കി. ഷോട്ടോകാന്‍ കരാട്ടെ ഗ്ലോബല്‍ ചെയര്‍മാനായ ഗ്രാന്‍ഡ് മാസ്റ്റര്‍ കെന്‍ജി നുമ്രയുടെ (10th ഡാന്‍ റെഡ് ബെല്‍റ്റ്) കൈകളില്‍ നിന്ന് ഈ അംഗീകാരം ഏറ്റുവാങ്ങാനായത് സ്വപ്നസാക്ഷാത്കാരമാണെന്ന് ടോം പറഞ്ഞു. ‘ഹാന്‍ഷി’ അംഗീകാരം ലഭിച്ചതോടെ, കരാട്ടെയിലെ ഏറ്റവും ഉയര്‍ന്ന റാങ്കായ റെഡ് ബെല്‍റ്റ് ധരിച്ച് പരിശീലനം നല്‍കാനും ടോമിന് യോഗ്യത ലഭിച്ചു.
ഗ്ലാസ്‌ഗോ, കിങ്സ്റ്റണ്‍ ഡോക്കില്‍ കുടുംബസമേതം താമസിക്കുന്ന ടോം ആലപ്പുഴ പുളിങ്കുന്ന് സ്വദേശിയും കാഞ്ഞിക്കല്‍ (പായിക്കളം) കുടുംബാംഗവുമാണ്. ഒന്‍പതാം വയസ്സില്‍ ആയോധനകല അഭ്യസിച്ചു തുടങ്ങിയ ടോം, കേരള സര്‍വകലാശാലയില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടിയ ശേഷം 20 വര്‍ഷം മുന്‍പാണ് സ്കോട്‌ലന്‍ഡിലെ ഇന്‍വര്‍ക്ലൈഡില്‍ എത്തുന്നത്. എംബിഎ പോസ്റ്റ് ഗ്രാജ്വേഷന്‍ പഠനത്തോടൊപ്പം ആയോധനകലകളും അദ്ദേഹം തുടര്‍ന്നു. 40 വര്‍ഷമായി ലോകോത്തര നിലവാരമുള്ള പരിശീലകരുടെ കീഴില്‍ പരിശീലനം തുടരുന്ന ടോം, ഇപ്പോള്‍ കരാട്ടെ, എംഎംഎ (മിക്സഡ് മാര്‍ഷ്യല്‍ ആര്‍ട്‌സ്), കിക്ക് ബോക്‌സിങ്, മുവായ് തായ്, യോഗ, റെസ്‌ലിങ്, കളരിപ്പയറ്റ് എന്നിവയില്‍ പരിശീലനം നല്‍കുന്നുണ്ട്. ബോക്‌സിങ് കോച്ച്, വ്യക്തിഗത പരിശീലകന്‍ എന്നീ നിലകളിലും അദ്ദേഹം പ്രവര്‍ത്തിക്കുന്നു.
അന്താരാഷ്ട്ര മത്സരത്തില്‍ വീണ്ടും വിജയക്കൊടി പാറിക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടെന്നും പ്രഗത്ഭരുമായി മത്സരിച്ചത് മികച്ച അനുഭവമായിരുന്നുവെന്നും ടോം ജേക്കബ് പറയുന്നു.. ഭാര്യ ജിഷ ഗ്രിഗറിയും മകന്‍ ലിയോണും നല്‍കുന്ന പിന്തുണയാണ് തന്റെ വിജയത്തിന് പിന്നിലെന്ന് ടോം പറയുന്നു.. 2019ല്‍ ആയോധനകലയില്‍ യുകെയുടെ അംബാസഡര്‍ പദവി ഉള്‍പ്പെടെ നിരവധി അംഗീകാരങ്ങള്‍ ടോം ജേക്കബിന് ലഭിച്ചിട്ടുണ്ട്