ENTERTAINMENT
ദാണ്ടേ നമ്മുടെ സ്വന്തം പൾസറല്ലേ ഇത്! കൊളംബിയയിൽ പൾസർ കണ്ടതിന്‍റെ ആവേശത്തിൽ രാഹൽ ഗാന്ധി, ഇന്ത്യൻ കമ്പനികൾക്ക് പ്രശംസ.
ബൊഗോട്ട: ഇന്ത്യൻ കമ്പനികൾ കൊളംബിയയിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്നത് കാണുന്നതിൽ അഭിമാനമെന്ന് ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബജാജ്, ഹീറോ, ടിവിഎസ് കമ്പനികളെയാണ് രാഹുൽ എടുത്തുപറഞ്ഞ് പ്രശംസിച്ചിട്ടുള്ളത്. സ്വന്തം സ്വജനപക്ഷപാതത്തിലൂടെയല്ല, മറിച്ച് നൂതനാശയങ്ങളിലൂടെ ഇന്ത്യൻ കമ്പനികൾക്ക് വിജയം നേടാൻ കഴിയുമെന്ന് ഇത് കാണിക്കുന്നുവെന്നും രാഹുൽ കൂട്ടിച്ചേര്‍ത്തു. ബജാജിന്‍റെ ജനപ്രിയ മോഡലായ പൾസർ ബൈക്കിനൊപ്പമുള്ള ചിത്രവും രാഹുൽ പങ്കുവെച്ചിട്ടുണ്ട്.
രാഹുലിന് ഉപദേശവുമായി മുൻ യുഎസ് ഉദ്യോഗസ്ഥൻ
അതേസമയം, ഇന്ത്യയിൽ ജനാധിപത്യം ഭീഷണി നേരിടുകയാണെന്ന കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയുടെ കൊളംബിയയിലെ പരാമർശത്തിൽ പ്രതികരണവുമായി മുൻ യുഎസ് ഉദ്യോഗസ്ഥൻ. പാർട്ടി പരിഗണനകൾക്ക് അതീതമായി ഇന്ത്യൻ നേതാക്കൾ രാജ്യത്തിന്‍റെ മൂല്യങ്ങൾക്കും താത്പര്യങ്ങൾക്കും വേണ്ടി സംസാരിക്കണമെന്ന് മുൻ യുഎസ് ഉദ്യോഗസ്ഥൻ റേമണ്ട് വിക്കറി ആവശ്യപ്പെട്ടു.
പൊതു മൂല്യങ്ങൾക്കായുള്ള സംവിധാനം തകർന്നു.
ഐഎഎൻഎസിന് നൽകിയ അഭിമുഖത്തിലാണ് വിക്കറി നിലപാട് വ്യക്തമാക്കിയത്. പൊതു മൂല്യങ്ങൾക്കുവേണ്ടി സംസാരിക്കുന്നതിനുള്ള ദ്വികക്ഷി സംവിധാനം അമേരിക്കയിലും ഇന്ത്യയിലും തകർന്നിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. “രാഷ്ട്രീയ വ്യത്യാസങ്ങൾ മാറ്റിവെച്ച്, ഇരുപക്ഷത്തുമുള്ള ഇന്ത്യൻ നേതാക്കൾ ഇന്ത്യൻ മൂല്യങ്ങൾക്കും രാജ്യത്തിന്‍റെ താത്പര്യങ്ങൾക്കും വേണ്ടി ശബ്‍ദമുയർത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഞങ്ങൾ ലോക നേതാക്കളെന്ന നിലയിൽ അമേരിക്കയുടെ മൂല്യങ്ങളെ അന്താരാഷ്ട്ര തലത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നു. അത് റിപ്പബ്ലിക്കൻമാരും ഡെമോക്രാറ്റുകളും ഒരുപോലെ പങ്കുവെച്ച ഒരു ദ്വികക്ഷി നിലപാടായിരുന്നു. അത് അമേരിക്കയിൽ തകർന്നു, ഇന്ത്യയിലും അത് തകരുകയാണെന്ന് ഞാൻ ഭയപ്പെടുന്നു” വിക്കറി കൂട്ടിച്ചേർത്തു.
ദേശീയ മുൻഗണനകളിൽ വിശാലമായ കാഴ്ചപ്പാട് വേണം.
ദേശീയ മുൻഗണനകളെക്കുറിച്ച് എല്ലാ രാഷ്ട്രീയ നേതാക്കൾക്കും വിശാലമായ കാഴ്ചപ്പാട് ഉണ്ടായിരിക്കണമെന്ന് അദ്ദേഹം ഉപദേശിച്ചു. “ഈ വിശാലമായ കാഴ്ചപ്പാട് എല്ലാ മേഖലകളിലും പ്രകടിപ്പിക്കാൻ സാധിക്കുന്നത് വളരെ സഹായകമാകും. ആ കാര്യത്തിൽ ഇന്ത്യ മുന്നോട്ട് വരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു. നിങ്ങൾ പ്രതിപക്ഷത്തായാലും ഭരണത്തിലായാലും, ആ നിലപാടായിരിക്കണം സ്വീകരിക്കേണ്ടത്,”
അദ്ദേഹം നിരീക്ഷിച്ചു.