ENTERTAINMENT
‘അമ്മേ, ഇതൊന്നും നിങ്ങളുടെ ത്യാഗത്തിന് പകരമാവില്ല, എങ്കിലും…’; ഹൃദയസ്പർശിയായ വീഡിയോയുമായി ഗൂഗിൾ ടെക്കി.
ഗൂഗിളിൽ യൂട്യൂബ് പ്രൊഡക്റ്റ് മാനേജരായി ജോലി ചെയ്യുന്ന ഒരു ഇന്ത്യക്കാരൻ ഷെയർ ചെയ്തിരിക്കുന്ന മനോഹരമായൊരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആളുകളുടെ ശ്രദ്ധയാകർഷിക്കുന്നത്. അഭിജയ് വുയുരു എന്ന യുവാവ് തന്റെ അമ്മയെ ഗൂഗിളിന്റെ സാൻ ഫ്രാൻസിസ്കോ ഓഫീസിലേക്ക് കൊണ്ടുപോവുന്ന രംഗമാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. വീഡിയോയിൽ, യുവാവ് തന്റെ അമ്മയെ ഗൂഗിൾ ഓഫീസിലെ വിവിധ ഭാഗങ്ങളിലൂടെ കൊണ്ടുപോകുന്നതും, ഓരോ സ്ഥലങ്ങളും കാണിച്ചു കൊടുക്കുന്നതും, പിന്നീട് ഓഫീസ് കഫറ്റീരിയയിൽ ഭക്ഷണം കഴിക്കാൻ ഇരിക്കുന്നതും വീഡിയോയിൽ കാണാം.
എനിക്ക് ഒരിക്കലും മറക്കാൻ കഴിയില്ലാത്ത ദിവസമാണ് ഇത്. ഞാൻ എന്റെ അമ്മയ്ക്ക് എന്റെ ഓഫീസ് കാണിച്ചു കൊടുത്തു! ഞാൻ അവരെ ഗൂഗിളിന്റെ സാൻ ഫ്രാൻസിസ്കോ ഓഫീസിലേക്ക് കൊണ്ടുവന്നു. എനിക്ക് വേണ്ടി എല്ലാം ത്യജിച്ചയാളാണ് എന്റെ അമ്മ. അവരായിരുന്നു എന്റെ സപ്പോർട്ട് സിസ്റ്റം. എല്ലാത്തിലും എനിക്കൊപ്പം നിരുപാധികം നിലകൊണ്ടയാളായിരുന്നു അമ്മ. ഞാൻ സ്കൂൾ മാറുമ്പോഴെല്ലാം എനിക്ക് അവിടെ കംഫർട്ടബിളാണ് എന്ന് ഉറപ്പാക്കുകയും പരിശ്രമത്തിന്റെ പ്രാധാന്യം എന്നെ ബോധ്യപ്പെടുത്തുകയും ചെയ്തതത് അവരാണ്. ഹൈസ്കൂളിൽ പഠിക്കുമ്പോൾ പുലർച്ചെ 4 മണിക്ക് എന്നോടൊപ്പം ഉണർന്നിരുന്നവൾ, പരിമിതമായ വരുമാനത്തിൽ മികച്ച ജീവിതം നയിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ കൂടെ നിന്നവൾ. ഈ ജീവിതത്തിൽ എനിക്ക് നൽകാൻ കഴിയുന്ന കാര്യങ്ങളൊന്നും നിങ്ങൾ നടത്തിയ ത്യാഗങ്ങൾക്ക് നീതി നൽകാനുതകുന്നതല്ല അമ്മേ. എന്നാൽ, ഇപ്പോൾ ഞാനത് തിരികെ നൽകാൻ ആഗ്രഹിക്കുന്നു. ഇത് നിങ്ങൾക്കുള്ളതാണ്!’ എന്നാണ് യുവാവ് കുറിച്ചിരിക്കുന്നത്.
നിരവധിപ്പേരാണ് യുവാവ് ഷെയർ ചെയ്തിരിക്കുന്ന വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്. ‘ആ അമ്മയ്ക്ക് ശരിക്കും അഭിമാനം തോന്നുന്നുണ്ടാവും’ എന്നായിരുന്നു ഒരാളുടെ കമന്റ്. ‘എത്ര ഹൃദയസ്പർശിയായ വീഡിയോ’ എന്നായിരുന്നു മറ്റ് ചിലരുടെ കമന്റ്.