Blog
ട്രംപിൻ്റെ പ്രസംഗം എഡിറ്റ് ചെയ്തെന്ന വിവാദം: ബിബിസി തലപ്പത്ത് രാജി; ഡയറക്ടര്‍ ജനറലും സിഇഒയും രാജിവച്ചു
യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തെന്ന വിവാദത്തെ തുടർന്ന് ബിബിസി ഡയറക്ടർ ജനറല്‍ ടിം ഡേവിയും ന്യൂസ് സിഇഒ ഡെബോറ ടർണസും രാജിവച്ചു.
20 വർഷത്തെ സേവനം അവസാനിപ്പിച്ചാണ് ടിം ഡേവി ബിബിസി വിടുന്നത്. ബിബിസി ഡയറക്ടർ ബോർഡ് ഇരുവരുടെയും രാജി തീരുമാനം അംഗീകരിച്ചു.
രാജി തീരുമാനം പൂർണമായും തൻ്റേതാണെന്ന് ടിം ഡേവി വ്യക്തമാക്കി. ബിബിസി ന്യൂസിനെ ചുറ്റിപ്പറ്റിയുള്ള നിലവിലെ ചർച്ച എന്റെ തീരുമാനത്തിന് കാരണമായിട്ടുണ്ടെന്നും അദ്ദേഹം രാജിപ്രഖ്യാപിച്ചുകൊണ്ട് വ്യക്തമാക്കി. അതേസമയം ഇത് ബിബിസിയെ സംബന്ധിച്ച് സങ്കടം നിറഞ്ഞ ദിവസമാണെന്ന് ചെയർമാൻ സമിർ ഷാ പ്രതികരിച്ചു.
ബിബിസി പനോരമ ഡോക്യുമെന്ററി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം എഡിറ്റ് ചെയ്തുകൊണ്ട് കാഴ്ചക്കാരെ തെറ്റിദ്ധരിപ്പിച്ചുവെന്ന് വാർത്ത പുറത്തുവന്നതിന് പിന്നാലെയാണ് ഇരുവരുടെയും രാജി. 2021 ജനുവരിയിലെ ക്യാപിറ്റല്‍ ഹില്‍ കലാപത്തെ ട്രംപ് പ്രോത്സാഹിപ്പിച്ചുവെന്ന് തോന്നിപ്പിക്കുന്ന വിധത്തില്‍ ട്രംപിൻ്റെ രണ്ട് വ്യത്യസ്ത പ്രസംഗങ്ങളിലെ ഭാഗങ്ങള്‍ കൂട്ടിയോജിപ്പിച്ച് ഒന്നാക്കിയെന്നാണ് വാർത്ത. കഴിഞ്ഞ വർഷം ബിബിസിക്കു വേണ്ടി സ്വതന്ത്ര നിർമ്മാണ കമ്ബനിയായ ഒക്ടോബർ ഫിലിംസ് ലിമിറ്റഡ് സംപ്രേഷണം ചെയ്ത ട്രംപ്: എ സെക്കൻഡ് ചാൻസ്? എന്ന ഡോക്യുമെന്ററിയെ കുറിച്ചുള്ളതായിരുന്നു റിപ്പോർട്ട്.
Blog
യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റത്തിനു വേഗം കുറയും; കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍
യുകെയില്‍ ഇലക്ട്രിക് വാഹനങ്ങളിലേക്കുള്ള മാറ്റം പ്രതീക്ഷിച്ചതിനെക്കാള്‍ വേഗം കുറയും. രാജ്യത്തു ഇലക്ട്രിക് കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ മന്ദഗതിയില്‍ ആയതാണ് കാരണം. കാര്‍ ചാര്‍ജര്‍ സ്ഥാപിക്കല്‍ 2025ല്‍ ഗണ്യമായി മന്ദഗതിയിലായതായി റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നു. ഇലക്ട്രിക് വാഹനങ്ങളിലേക്കു ആളുകളുടെ താല്പര്യം കൂടാത്തതും നിക്ഷേപകരിലെ ആശങ്കകളും ചാര്‍ജര്‍ സ്ഥാപിക്കല്ലിന്റെ വേഗം കുറയാന്‍ കാരണമായതായാണ് പുറത്തു വരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സാപ്മാപ്പ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം, നവംബര്‍ അവസാനം യുകെയില്‍ മൊത്തം 87,200 ചാര്‍ജിങ് പോയിന്റുകളാണുള്ളത്. 2024 അവസാനം അപേക്ഷിച്ച് 13,500 പുതിയ ചാര്‍ജറുകള്‍ മാത്രമാണ് കൂട്ടിച്ചേര്‍ത്തത് ‘ ഇത് 2022ന് ശേഷം ഏറ്റവും കുറഞ്ഞ വര്‍ധനവായാണ് വിലയിരുത്തപ്പെടുന്നത്.
ഇത് ചാര്‍ജര്‍ ഇന്‍സ്റ്റലേഷനിലെ വാര്‍ഷിക വളര്‍ച്ച 20 ശതമാനത്തില്‍ താഴെയാക്കുമെന്നും, കഴിഞ്ഞ വര്‍ഷത്തെ 37 ശതമാന വളര്‍ച്ചയുമായി താരതമ്യപ്പെടുത്തുമ്പോള്‍ വന്‍ ഇടിവാണിതെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. അതേസമയം, ഇലക്ട്രിക് കാറുകളുടെ വില്പന വളര്‍ച്ച തുടരുകയാണ്. 2025ലെ ആദ്യ 11 മാസങ്ങളില്‍ ബ്രിട്ടനിലെ കാര്‍ വില്പനയുടെ 23 ശതമാനവും ഇലക്ട്രിക് വാഹനങ്ങളാണ്. കഴിഞ്ഞ വര്‍ഷത്തെ 19 ശതമാനത്തില്‍ നിന്ന് ഇത് വളരെ കൂടുതലാണ് . എന്നാല്‍ ചില വാഹന നിര്‍മാതാക്കള്‍ പെട്രോളില്‍നിന്ന് ഇലക്ട്രിക്കിലേക്കുള്ള മാറ്റം മന്ദഗതിയിലാക്കിയതും സര്‍ക്കാര്‍ ഇ.വി. വില്പന ലക്ഷ്യങ്ങള്‍ ദുര്‍ബലപ്പെടുത്തിയതും ഈ രംഗത്തെ വളര്‍ച്ചയെ ബാധിച്ചതായി വിദഗ്ധര്‍ വിലയിരുത്തുന്നു.
സര്‍ക്കാരിന്റെ ചില നയങ്ങള്‍ ചാര്‍ജര്‍ ഇന്‍സ്റ്റലേഷനിലെ ഇടിവിന് കാരണമായെന്ന് എനര്‍ജി ആന്‍ഡ് ക്ലൈമറ്റ് ഇന്റലിജന്‍സ് യൂണിറ്റ് വ്യക്തമാക്കി. 2028 മുതല്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് മൈലിന് 3 പെന്‍സ് നികുതി ഏര്‍പ്പെടുത്തുമെന്ന പ്രഖ്യാപനവും ഉപഭോക്തൃ വിശ്വാസത്തെ ബാധിക്കുമെന്നാണ് വിലയിരുത്തല്‍. ചാര്‍ജിങ് മേഖലയിലെ ചെലവ് വര്‍ധനയും ഗ്രിഡ് കണക്ഷനിലെ വൈകിപ്പും ഇന്സ്റ്റലേഷന് മന്ദഗതിയിലാക്കിയതായി ചാര്‍ജ് യുകെ വ്യക്തമാക്കി.
അതേസമയം, മോട്ടോര്‍വേകളിലെ അള്‍ട്രാ-റാപിഡ് ചാര്‍ജറുകളുടെ എണ്ണം 39 ശതമാനം ഉയര്‍ന്നതായും, ലണ്ടന്‍ ഉള്‍പ്പെടെയുള്ള മേഖലകളുമായി താരതമ്യപ്പെടുത്തുമ്പോള്‍ നോര്‍ത്ത് അയര്‍ലന്‍ഡ് പോലുള്ള പ്രദേശങ്ങള്‍ ഇപ്പോഴും പിന്നിലാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.
Blog
ഇന്ത്യയില്‍ വ്യാജ പേവിഷബാധ വാക്സിൻ വില്‍ക്കുന്നതായി സംശയം; ഇന്ത്യയിലേക്ക് യാത്ര ചെയ്തവര്‍ക്കായി ഓസ്ട്രേലിയയില്‍ ആരോഗ്യ ജാഗ്രതാ നിര്‍ദ്ദേശം
ഇന്ത്യയില്‍ വിതരണം ചെയ്യപ്പെടുന്ന പേവിഷബാധ (Rabies) വാക്സിനുകളില്‍ വ്യാജ പതിപ്പുകള്‍ കലർന്നിട്ടുണ്ടാകാമെന്ന ആശങ്കയുമായി ഓസ്ട്രേലിയൻ ആരോഗ്യ അധികൃതർ.
ഇന്ത്യ സന്ദർശിക്കവേ അവിടെനിന്ന് വാക്സിൻ സ്വീകരിച്ച യാത്രക്കാരെ ഇത് ബാധിച്ചേക്കാമെന്നാണ് മുന്നറിയിപ്പ്. ‘അഭയറാബ്’ (Abhayrab) എന്ന പേവിഷബാധ വാക്സിന്റെ വ്യാജ പതിപ്പുകള്‍ 2023 നവംബർ 1 മുതല്‍ വിതരണത്തിലുണ്ടെന്ന് ഓസ്ട്രേലിയൻ ടെക്നിക്കല്‍ അഡ്വൈസറി ഗ്രൂപ്പ് ഓണ്‍ ഇമ്യൂണൈസേഷൻ (ATAGI) അറിയിച്ചു.
അഭയറാബ് ഓസ്ട്രേലിയയില്‍ അംഗീകരിക്കപ്പെട്ടതോ വിതരണം ചെയ്യുന്നതോ ആയ വാക്സിൻ അല്ല. എങ്കിലും, ഇന്ത്യ സന്ദർശിച്ച വേളയില്‍ ഈ വാക്സിൻ സ്വീകരിച്ചവർക്ക് പേവിഷബാധയ്ക്കെതിരെ മതിയായ പ്രതിരോധം ലഭിക്കാനിടയില്ലെന്നും, അവർക്ക് ഓസ്ട്രേലിയയില്‍ മടങ്ങിയെത്തിയ ശേഷം തുടർചികിത്സ ആവശ്യമായി വന്നേക്കാമെന്നും അധികൃതർ ചൂണ്ടിക്കാട്ടുന്നു.
എന്തുകൊണ്ടാണ് ഈ മുന്നറിയിപ്പ് പ്രസക്തമാകുന്നത്?
പേവിഷബാധ നാഡീവ്യവസ്ഥയെ ബാധിക്കുന്ന ഒരു വൈറസ് രോഗമാണ്. രോഗലക്ഷണങ്ങള്‍ കണ്ടുതുടങ്ങിയാല്‍ ഇത് മിക്കവാറും മരണകാരണമാകും. ഓസ്ട്രേലിയ പേവിഷബാധയില്ലാത്ത രാജ്യമാണെങ്കിലും ഇന്ത്യയുള്‍പ്പെടെയുള്ള പല രാജ്യങ്ങളിലും ഈ രോഗം സ്ഥിരമായി കാണപ്പെടുന്നു. സാധാരണയായി നായ പോലുള്ള രോഗബാധിതരായ മൃഗങ്ങളുടെ കടിയേറ്റോ മാന്തലേറ്റോ അവയുടെ ഉമിനീർ വഴിയോ ആണ് ഈ രോഗം പകരുന്നത്.
വ്യാജ വാക്സിനുകളില്‍ കൃത്യമായ ചേരുവകള്‍ ഇല്ലാത്തതോ അല്ലെങ്കില്‍ അവ തെറ്റായ രീതിയില്‍ നിർമ്മിക്കപ്പെട്ടതോ ആയതിനാല്‍, കടിയേറ്റതിന് ശേഷമുള്ള ചികിത്സ പരാജയപ്പെടാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നല്കുന്നു.
ആരെയൊക്കെ ഇത് ബാധിക്കാം?
2023 നവംബർ 1-നോ അതിന് ശേഷമോ ഇന്ത്യയില്‍ നിന്ന് പേവിഷബാധ വാക്സിൻ സ്വീകരിച്ചവർ.
ഇന്ത്യയില്‍ വെച്ച് ‘അഭയറാബ്’ വാക്സിൻ സ്വീകരിച്ചവർ അല്ലെങ്കില്‍ ഏത് ബ്രാൻഡ് വാക്സിൻ ആണ് സ്വീകരിച്ചതെന്ന് ഉറപ്പില്ലാത്തവർ.
ഓസ്ട്രേലിയയിലോ മറ്റ് രാജ്യങ്ങളിലോ വെച്ച് പൂർണ്ണമായും വാക്സിനേഷൻ എടുത്തവർക്കും, അംഗീകൃതമായ മറ്റ് വാക്സിനുകളാണ് സ്വീകരിച്ചതെന്ന് വ്യക്തമായ രേഖകളുള്ളവർക്കും ആശങ്കപ്പെടേണ്ട സാഹചര്യമില്ല.
ബാധിക്കപ്പെട്ടവർക്കായി ATAGI നല്കുന്ന നിർദ്ദേശങ്ങള്‍
വ്യാജ വാക്സിൻ സ്വീകരിച്ചിട്ടുണ്ടാകാമെന്ന് സംശയമുള്ളവർ എത്രയും വേഗം ഒരു ജനറല്‍ പ്രാക്ടീഷണറെയോ (GP) ട്രാവല്‍ ഹെല്‍ത്ത് സ്പെഷ്യലിസ്റ്റിനെയോ കണ്ട് ഉപദേശം തേടണം. പൂർണ്ണമായ പ്രതിരോധം ഉറപ്പാക്കുന്നതിനായി ഓസ്ട്രേലിയയില്‍ അംഗീകരിച്ച വാക്സിൻ ഉപയോഗിച്ച് വീണ്ടും വാക്സിനേഷൻ എടുക്കാൻ ഡോക്ടർമാർ നിർദ്ദേശിച്ചേക്കാം. പേവിഷബാധ തടയുന്നതില്‍ എത്രയും വേഗത്തിലുള്ള ചികിത്സ നിർണ്ണായകമാണ്.
യാത്രക്കാർക്കുള്ള പ്രധാന നിർദ്ദേശങ്ങള്‍
പേവിഷബാധയുള്ള രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവർ താഴെ പറയുന്ന മുൻകരുതലുകള്‍ എടുക്കണം:
യാത്രയ്ക്ക് മുൻപ് ആവശ്യമായ വാക്സിനുകളെക്കുറിച്ച് ആരോഗ്യ വിദഗ്ധരുമായി സംസാരിക്കുക.
വന്യമൃഗങ്ങള്‍, തെരുവ് നായ്ക്കള്‍, പൂച്ചകള്‍, കുരങ്ങുകള്‍ എന്നിവയുമായുള്ള സമ്ബർക്കം ഒഴിവാക്കുക.
മൃഗങ്ങളുടെ കടിയോ മാന്തലോ ഏറ്റാല്‍ ഉടൻ തന്നെ മുറിവ് നന്നായി കഴുകുകയും അടിയന്തര ചികിത്സ തേടുകയും ചെയ്യുക.
വിദേശത്ത് നിന്ന് സ്വീകരിക്കുന്ന വാക്സിനുകളുടെ പേര്, തീയതി, ബാച്ച് നമ്ബർ എന്നിവയുടെ വിവരങ്ങള്‍ സൂക്ഷിക്കുക.
സാധ്യമാകുന്ന സാഹചര്യങ്ങളില്‍ വാക്സിൻ പാക്കറ്റിന്റെയോ ലേബലിന്റെയോ ചിത്രം പകർത്തി സൂക്ഷിക്കുക.
Blog
സമുദ്രത്തിനടിയില്‍ നിന്ന് പ്രഹരശേഷി; കലാം -4 മിസൈല്‍ പരീക്ഷണം വിജയകരം ! ‘ന്യൂക്ലിയര്‍ ട്രയാഡ്’ ക്ലബില്‍ ഭാരതവും
ഭാരതത്തിന്റെ പ്രതിരോധ കരുത്ത് ലോകത്തിന് മുന്നില്‍ വിളിച്ചോതിക്കൊണ്ട് ഐ.എൻ.എസ്. അരിഘട്ട് (INS Arighaat) ആണവ അന്തർവാഹിനിയില്‍ നിന്ന് കെ-4 ബാലിസ്റ്റിക് മിസൈല്‍ വിജയകരമായി പരീക്ഷിച്ചു.
3,500 കിലോമീറ്റർ പ്രഹരശേഷിയുള്ള ഈ മിസൈല്‍ പരീക്ഷണം ബംഗാള്‍ ഉള്‍ക്കടലില്‍ വിശാഖപട്ടണം തീരത്തുവെച്ചാണ് നടന്നത്. സമുദ്രത്തിനടിയില്‍ നിന്നുള്ള ഭാരതത്തിന്റെ ആണവ പ്രഹരശേഷി ഊട്ടിയുറപ്പിക്കുന്നതായിരുന്നു ഈ നീക്കം. ഡിസംബർ 23 ചൊവ്വാഴ്ച നടന്ന പരീക്ഷണത്തില്‍ മിസൈല്‍ അതിന്റെ മുഴുവൻ ദൂരപരിധിയും വിജയകരമായി പിന്നിട്ടതായി പ്രതിരോധ മന്ത്രാലയ വൃത്തങ്ങള്‍ സ്ഥിരീകരിച്ചു.
ഭാരതത്തിന്റെ രണ്ടാമത്തെ ആണവ അന്തർവാഹിനിയായ ഐ.എൻ.എസ്. അരിഘട്ട് കഴിഞ്ഞ വർഷമാണ് നാവികസേനയുടെ ഭാഗമായത്. ഈ പരീക്ഷണ വിജയത്തോടെ കരയില്‍ നിന്നും വായുവില്‍ നിന്നും കടലിന്റെ ആഴങ്ങളില്‍ നിന്നും ആണവാക്രമണം നടത്താൻ ശേഷിയുള്ള ‘ന്യൂക്ലിയർ ട്രയാഡ്’ പദവി ഭാരതം സ്വന്തമാക്കി. അമേരിക്ക, റഷ്യ, ചൈന തുടങ്ങിയ വൻശക്തികള്‍ മാത്രം കൈവശം വെച്ചിരിക്കുന്ന ഈ സാങ്കേതികവിദ്യയില്‍ ഭാരതം സ്വന്തം മുദ്ര പതിപ്പിച്ചിരിക്കുകയാണ്. മുൻ രാഷ്ട്രപതി എ.പി.ജെ. അബ്ദുള്‍ കലാമിനോടുള്ള ആദരസൂചകമായി ‘K’ എന്ന് നാമകരണം ചെയ്ത ഈ മിസൈല്‍ പരമ്ബരയിലെ ഏറ്റവും പുതിയ നേട്ടമാണിത്.
ഡിഫൻസ് റിസർച്ച് ആൻഡ് ഡെവലപ്മെന്റ് ഓർഗനൈസേഷൻ (DRDO) തദ്ദേശീയമായി വികസിപ്പിച്ചെടുത്ത കെ-4 മിസൈല്‍ അഗ്നി-III മിസൈലിന്റെ സാങ്കേതികവിദ്യ അടിസ്ഥാനമാക്കിയാണ് നിർമ്മിച്ചിരിക്കുന്നത്. ഏകദേശം 2.5 ടണ്‍ ആണവ യുദ്ധശീർഷകങ്ങള്‍ വഹിക്കാൻ ശേഷിയുള്ള ഈ മിസൈല്‍ സമുദ്രത്തിനടിയിലെ രഹസ്യ കേന്ദ്രങ്ങളില്‍ നിന്ന് തൊടുക്കാൻ കഴിയുമെന്നത് ശത്രുരാജ്യങ്ങള്‍ക്ക് വലിയ വെല്ലുവിളിയാണ്. നിശ്ശബ്ദമായി സമുദ്രയാത്ര നടത്തുന്ന അരിഹന്ത് ക്ലാസ് അന്തർവാഹിനികള്‍ക്ക് മാസങ്ങളോളം വെള്ളത്തിനടിയില്‍ ഒളിച്ചിരുന്ന് ആക്രമണം നടത്താൻ സാധിക്കും. ഇത് ഇന്ത്യയുടെ രണ്ടാമത്തെ ആക്രമണ ശേഷി അഥവാ ‘സെക്കൻഡ് സ്ട്രൈക്ക്’ ഉറപ്പാക്കുന്നു.
നിലവില്‍ നാവികസേനയുടെ പക്കലുള്ള 750 കിലോമീറ്റർ പ്രഹരശേഷിയുള്ള കെ-15 മിസൈലുകളേക്കാള്‍ ബഹുദൂരം മുന്നിലാണ് പുതിയ കെ-4 മിസൈലുകള്‍. ശത്രുക്കളുടെ റഡാർ സംവിധാനങ്ങളെ വെട്ടിച്ച് അതിവേഗത്തില്‍ ലക്ഷ്യസ്ഥാനത്ത് എത്താൻ ഇതിന് സാധിക്കും. ഇന്ത്യൻ നാവികസേനയുടെ ആധുനികവല്‍ക്കരണത്തിന്റെ ഭാഗമായി കൂടുതല്‍ കരുത്തുറ്റ അന്തർവാഹിനികളും മിസൈലുകളും വരും വർഷങ്ങളില്‍ സൈന്യത്തിന്റെ ഭാഗമാകുമെന്ന് അധികൃതർ വ്യക്തമാക്കി. ദക്ഷിണേഷ്യൻ മേഖലയിലെ തന്ത്രപരമായ സന്തുലിതാവസ്ഥ നിലനിർത്തുന്നതിനും ഭാരതത്തിന്റെ പരമാധികാരം സംരക്ഷിക്കുന്നതിനും ഈ നേട്ടം വലിയ കരുത്ത് പകരും.
-
MIDDLE EAST5 months agoഓഗസ്റ്റ് 29 മുതൽ സെപ്തംബർ 4 വരെ, ഏഴ് ദിവസത്തിൽ 20882 പ്രവാസികൾ പിടിയിലായി; 10895 പേരെ സൗദിയിൽ നിന്ന് നാടുകടത്തി.
-
BUSINESS5 months agoചാറ്റ്ജിപിടിക്ക് സമാനമായ ‘വെരിറ്റാസ്’; പുതിയ എഐ ആപ്പുമായി ആപ്പിൾ, ലക്ഷ്യം അടുത്ത തലമുറ ‘സിരി’.
-
SPORTS5 months agoപെരുമാറ്റചട്ടം ലംഘിച്ചു; സൂര്യകുമാര്‍ യാദവ്, ഹാരിസ് റൗഫ് എന്നിവര്‍ക്കെതിരെ ഐസിസി നടിപടി.
-
HOME5 months agoവനിതാ പ്രീമിയർ ലീഗിന്റെ അമരത്ത് മലയാളി; ജയേഷ് ജോർജ് പ്രഥമ ചെയർമാൻ.
-
HOME4 months agoസെഞ്ച്വറി നേടിയിട്ടും ആഘോഷിച്ചില്ല; ഇന്ത്യന്‍ ജയത്തിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ജെമീമ റോഡ്രിഗ്സ്
-
ENTERTAINMENT5 months agoകലയുടെയും ഐക്യത്തിന്റെയും ഉത്സവമായി യുക്മ റീജ്യണൽ കലാമേള
-
ENTERTAINMENT5 months agoഗ്യാരേജിൽ നിന്ന് ടെക് ഭീമനിലേക്ക്, ഗൂഗിളിന് ഇന്ന് 27ാം പിറന്നാൾ.
-
ENTERTAINMENT5 months ago‘അമ്മേ, ഇതൊന്നും നിങ്ങളുടെ ത്യാഗത്തിന് പകരമാവില്ല, എങ്കിലും…’; ഹൃദയസ്പർശിയായ വീഡിയോയുമായി ഗൂഗിൾ ടെക്കി.
