Connect with us

SPORTS

‘ചാമ്പ്യന്മാർക്ക് ട്രോഫി നിഷേധിക്കപ്പെട്ടു, ഇങ്ങനെയൊരു അനുഭവം ആദ്യം’; മാച്ച് ഫീ ഇന്ത്യൻ സൈന്യത്തിന് നൽകുമെന്ന് സൂര്യകുമാർ യാദവ്.

Published

on

ദുബൈ: ഏഷ്യാ കപ്പ് കിരീടം സമ്മാനദാന ചടങ്ങിൽ വച്ച് ഇന്ത്യയ്ക്ക് നൽകിയില്ലെന്ന വെളിപ്പെടുത്തലുമായി ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നൽകാതിരിക്കുന്നത് ക്രിക്കറ്റ്‌ കളിച്ചു തുടങ്ങിയ ശേഷമുള്ള ആദ്യ അനുഭവമെന്നും ഇന്ത്യൻ നായകൻ പറഞ്ഞു. ഇന്ത്യൻ ടീം ട്രോഫി അർഹിച്ചിരുന്നു. അതേസമയം യഥാർത്ഥ ട്രോഫി ടീം അംഗങ്ങളും സപ്പോർട്ടിങ് സ്റ്റാഫും ആണെന്നു സൂര്യകുമാർ യാദവ് പറഞ്ഞു. പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി) ചെയർമാനും ഏഷ്യൻ ക്രിക്കറ്റ് കൗൺസിലിന്‍റെ തലവനുമായ മൊഹ്‌സിൻ നഖ്‌വിയിൽ നിന്ന് ഏഷ്യാ കപ്പ് ട്രോഫി സ്വീകരിക്കാൻ ഇന്ത്യ വിസമ്മതിച്ചിരുന്നു. മറ്റാരെങ്കിലും ട്രോഫി കൈമാറണമെന്ന ടീം ഇന്ത്യയുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ല എന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. മാച്ച് ഫീ ഇന്ത്യൻ സേനയ്ക്ക് നൽകുമെന്ന് സൂര്യകുമാർ യാദവ് വ്യക്തമാക്കി.

സൂര്യകുമാർ യാദവ് പറഞ്ഞത്…

“ഇത്രയും കാലം ക്രിക്കറ്റ് കളിച്ചിട്ട് ഇതുവരെ കണ്ടിട്ടില്ലാത്ത ഒന്നാണിത്. ചാമ്പ്യന്മാരായ ടീമിന് ട്രോഫി നിഷേധിക്കപ്പെട്ടു, അത് കഠിനാധ്വാനം ചെയ്ത് നേടിയതാണ്. അത് എളുപ്പമായിരുന്നില്ല. തുടർച്ചയായ ദിവസങ്ങളിൽ ഞങ്ങൾ രണ്ട് ശക്തമായ മത്സരങ്ങൾ കളിച്ചു. ഞങ്ങൾക്ക് അർഹതപ്പെട്ടതാണത്. ഇതിനെക്കുറിച്ച് കൂടുതൽ ഒന്നും പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല. കളിക്കാരും സപ്പോർട്ടിംഗ് സ്റ്റാഫുമാണ് യഥാർത്ഥ ട്രോഫികൾ. ഈ ഏഷ്യാ കപ്പ് യാത്രയിലുടനീളം ഞാൻ അവരുടെ ആരാധകനാണ്. അതാണ് ഞാൻ തിരികെ കൊണ്ടുപോകുന്ന ശരിക്കുള്ള ഓർമ്മകൾ. അവ എന്നോടൊപ്പം എന്നെന്നേക്കുമായി നിലനിൽക്കും.”- സൂര്യകുമാർ യാദവ് പറഞ്ഞു.

ട്രോഫി സമ്മാനിക്കുന്ന ചടങ്ങ് തുടങ്ങാൻ ആശയക്കുഴപ്പം കാരണം ഒരു മണിക്കൂർ വൈകിയിരുന്നു. ചടങ്ങ് തുടങ്ങിയപ്പോൾ ഇന്ത്യൻ ടീം മെഡലുകൾ സ്വീകരിക്കാനോ ട്രോഫി ഏറ്റുവാങ്ങാനോ വേദിയിൽ എത്തിയില്ല. മൊഹ്‌സിൻ നഖ്‌വിയാണ് ട്രോഫി നൽകുന്നതെങ്കിൽ സ്വീകരിക്കാൻ ഇന്ത്യൻ ടീം എത്തിയേക്കില്ല എന്ന റിപ്പോർട്ട് നേരത്തെ തന്നെ പുറത്തുവന്നിരുന്നു. സമ്മാനദാന ചടങ്ങിലേക്ക് പോകുന്നതിനുമുമ്പ്, വിജയികൾക്കുള്ള ട്രോഫി ആരാണ് സമ്മാനിക്കുക എന്ന് ഇന്ത്യൻ ടീം മാനേജ്‌മെന്റ് ഏഷ്യൻ ക്രിക്കറ്റ് കൌണ്‍സിൽ (എസിസി) ഉദ്യോഗസ്ഥരോട് ചോദിച്ചതായി റിപ്പോർട്ടുണ്ട്.

നഖ്‌വി വേദിയിലെത്തിയപ്പോൾ, ഇന്ത്യൻ ടീമിന്‍റെ നിലപാട് എസിസി അദ്ദേഹത്തെ അറിയിച്ചു. അതിനിടെ സംഘാടക സമിതിയിൽ നിന്ന് ആരോ ട്രോഫി മൈതാനത്ത് നിന്ന് നീക്കി. എമിറേറ്റ്സ് ക്രിക്കറ്റ് ബോർഡ് വൈസ് ചെയർമാൻ ഖാലിദ് അൽ സറൂണിയിൽ നിന്ന് ട്രോഫി സ്വീകരിക്കാൻ തയ്യാറാണെന്ന് ഇന്ത്യൻ ടീം വ്യക്തമാക്കിയിരുന്നുവെന്നും എന്നാൽ ആ ആവശ്യം നഖ്‌വി നിഷേധിച്ചെന്നും റിപ്പോർട്ടുണ്ട്. തുടർന്ന് ഇന്ത്യൻ ടീം വേദിയിൽ എത്തുകയും ഡ്യൂപ്ലിക്കേറ്റ് ട്രോഫി ഉപയോഗിച്ച് വിജയം ആഘോഷിക്കുകയും ചെയ്തു. താൻ കളിച്ച എല്ലാ മത്സരങ്ങളുടെയും മാച്ച് ഫീ ഇന്ത്യൻ സൈന്യത്തിന് സമർപ്പിക്കുമെന്ന് ഇന്ത്യൻ ക്യാപ്റ്റൻ വ്യക്തമാക്കി.

ഇന്ത്യൻ വിജയഗാഥ

ഏഷ്യാ കപ്പ് ഫൈനലിൽ പാകിസ്ഥാനെ അഞ്ച് വിക്കറ്റിന് തകർത്താണ് ഇന്ത്യ കിരീടം ചൂടിയത്. തിലക് വർമ്മയുടെ (69) തകർപ്പൻ അർദ്ധ സെഞ്ചുറിയും കുൽദീപ് യാദവിൻ്റെ നാല് വിക്കറ്റ് പ്രകടനവുമാണ് ഇന്ത്യക്ക് ആവേശകരമായ വിജയം സമ്മാനിച്ചത്. ദുബൈ ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ പാകിസ്ഥാന്‍ 19.1 ഓവറില്‍ 146ന് എല്ലാവരും പുറത്തായി. നാല് വിക്കറ്റ് നേടിയ കുല്‍ദീപ് യാദവാണ് പാകിസ്ഥാനെ തകര്‍ത്തത്. 38 പന്തില്‍ 57 റണ്‍സെടുത്ത സാഹിബ്‌സാദ ഫര്‍ഹാനാണ് പാകിസ്ഥാന്റെ ടോപ്സ് സ്‌കോറര്‍. ഫഖര്‍ സമാന്‍ 35 പന്തില്‍ 46 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ഇന്ത്യ 19.4 ഓവറില്‍ അഞ്ച് വിക്കറ്റ് മാത്രം നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. തിലക് വര്‍മയുടെ (53 പന്തില്‍ 69) പോരാട്ടമാണ് ഇന്ത്യക്ക് ഏഷ്യാ കപ്പ് സമ്മാനിച്ചത്. ശിവം ദുബെയുടെ (22 പന്തില്‍ 33) പ്രകടനം നിര്‍ണായകമായി. സഞ്ജു സാംസണ്‍ 21 പന്തില്‍ 24 റണ്‍സെടുത്ത് മടങ്ങി.

അവസാന രണ്ട് ഓവറില്‍ 17 റണ്‍സാണ് ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടിയിരുന്നത്. പാക് പേസര്‍ ഫഹീം അഷ്‌റഫിന്റെ ആദ്യ പന്തില്‍ തിലക് സിംഗിളെടുത്തു. രണ്ടാം പന്തില്‍ ദുബെയും ഒരു റണ്‍ ഓടിയെടുത്തു. മൂന്നാം പന്തിലും ഒരു റണ്‍. നാലാം പന്ത് ദുബെ ബൗണ്ടറിയിലേക്ക് പായിച്ചു, ഫോര്‍. അഞ്ചാം പന്തില്‍ റണ്ണില്ല. അവസാന പന്തില്‍ ദുബെ പുറത്ത്. ലോംഗ് ഓഫില്‍ ഷഹീന്‍ അഫ്രീദിക്ക് ക്യാച്ച്. രണ്ട് വീതം സിക്‌സും ഫോറും ഉള്‍പ്പെടുന്നതായിരുന്നു ദുബെയുടെ ഇന്നിംഗ്‌സ്. പിന്നാലെ ക്രീസിലെത്തിയത് റിങ്കു സിംഗ്. അവസാന ഓവറില്‍ ഇന്ത്യക്ക് ജയിക്കാന്‍ വേണ്ടത് 10 റണ്‍സ്. ഹാരിസ് റൗഫിന്റെ ആദ്യ പന്തില്‍ തിലക് രണ്ട് റണ്‍ ഓടിയെടുത്തു. രണ്ടാം പന്തില്‍ സിക്‌സ്. പിന്നീട് ജയിക്കാന്‍ വേണ്ടത് നാല് പന്തില്‍ രണ്ട് റണ്‍സ് മാത്രം. മൂന്നാം പന്തില്‍ ഒരു റണ്‍. നാലാം പന്ത് നേരിട്ട റിങ്കു സിംഗ് ബൗണ്ടറി നേടി വിജയമാഘോഷിച്ചു. റിങ്കു സിംഗ് (4), തിലകിനൊപ്പം പുറത്താവാതെ നിന്നു.

നേരത്തെ, മോശം തുടക്കമായിരുന്നു ഇന്ത്യക്ക്. 20 റണ്‍സിനിടെ മൂന്ന് വിക്കറ്റ് നഷ്ടമായി. രണ്ടാം ഓവറില്‍ തന്നെ ഇന്ത്യക്ക് അപകടകാരിയായ അഭിഷേക് ശര്‍മയുടെ (5) വിക്കറ്റ് നഷ്ടമായി. ഫഹീമിന്റെ പന്തില്‍ മിഡ് ഓണില്‍ ഹാരിസ് റൗഫിന് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങിയത്. മൂന്നാം ഓവറില്‍ സൂര്യകുമാറും മടങ്ങി. അഫ്രീദിയുടെ പന്തില്‍ മിഡ് ഓഫില്‍ ക്യാപ്റ്റന്‍ സല്‍മാന്‍ അഗ ക്യാച്ചെടുത്തു. നാലാം ഓവറിന്റെ അവസാന പന്തില്‍ ഗില്ലും മടങ്ങി. ഇത്തവണ മിഡ് ഓണില്‍ ഹാരിസ് റൗഫിന് ക്യാച്ച്. ഇതോടെ മൂന്നിന് 20 എന്ന നിലയിലായി ഇന്ത്യ. പിന്നീട് സഞ്ജു – തിലക് സഖ്യം 57 റണ്‍സ് കൂട്ടിചേര്‍ത്തു. ഈ കൂട്ടുകെട്ടാണ് തകര്‍ച്ചയില്‍ നിന്ന് രക്ഷിച്ചത്. എന്നാല്‍ റണ്‍നിരക്ക് കൂട്ടാനുള്ള ശ്രമത്തില്‍ സഞ്ജു കൂറ്റനടികള്‍ക്ക് ശ്രമിച്ചു. അബ്രാര്‍ അഹമ്മദിനെതിരെ അത്തരമൊരു ഷോട്ടിന് ശ്രമിക്കുമ്പോഴാണ് സഞ്ജു പുറത്താവുന്നത്. ഫര്‍ഹാന് ക്യാച്ച് നല്‍കിയാണ് സഞ്ജു മടങ്ങുന്നത്. ഒരു സിക്‌സും രണ്ട് ഫോറും ഉള്‍പ്പെടുന്നതായിരുന്നു സഞ്ജുവിന്റെ ഇന്നിംഗ്‌സ്. ഇതോടെ 12.2 ഓവറില്‍ നാലിന് 77 എന്ന നിലയിലായി ഇന്ത്യ. ശേഷം ദുബെ ക്രീസിലെത്തിയതോടെ കളി മാറി. വേഗത്തില്‍ റണ്‍സ് കണ്ടെത്തിയ താരം തിലകിനൊപ്പം ചേര്‍ന്ന് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചു.

Continue Reading
Click to comment

Leave a Reply

Your email address will not be published. Required fields are marked *

HOME

ഓടാൻ ഒരുങ്ങാം: ദുബായ് റൺ നവംബർ 23ന്!

Published

on

By

നഗര ഹൃദയത്തെ ഓട്ടക്കളമാക്കുന്ന ദുബായ് റൺ നവംബർ 23ന്. എല്ലാ പ്രായക്കാർക്കും ഓട്ടത്തിൽ പങ്കാളികളാകാം. മ്യൂസിയം ഓഫ് ദ് ഫ്യൂച്ചർ, എമിറേറ്റ്സ് ടവർ, ദുബായ് ഓപ്പറ, ബുർജ് ഖലീഫ എന്നിവയ്ക്കു മുന്നിലൂടെയാണ് ട്രാക്ക് ഒരുക്കിയിരിക്കുന്നത്. 10 കിലോമീറ്റർ, ഫാമിലി – ഫ്രണ്ട്‌ലി വിഭാഗത്തിൽ 5 കിലോമീറ്ററിലും ഓടാം. ഓടാത്തവർക്ക് ആവേശം പകരാൻ എത്താം.

ഓട്ടത്തിൽ പങ്കെടുക്കുന്നവർക്ക് രാവിലെ 4ന് എത്താം. 6.30ന് ഓട്ടം തുടങ്ങും. രാവിലെ 8ന് സ്റ്റാർട്ട് ലൈൻ അടയ്ക്കും. നേരത്തെ വരുന്നവർക്ക് മികച്ച സ്ഥലത്ത് നിന്ന് ഓട്ടം തുടങ്ങാൻ കഴിയും. വൈകി വന്നാൽ, ഓട്ടം പൂർത്തിയാക്കാൻ ആവശ്യമായ സമയം ലഭിക്കില്ല. 5 കിലോമീറ്റർ റൂട്ട് ഷെയ്ഖ് സായിദ് റോഡിൽ മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിനു മുന്നിൽ നിന്ന് തുടങ്ങും. 

ബുർജ് ഖലീഫ, ദുബായ് ഓപ്പറ വഴി ദുബായ് മാളിൽ അവസാനിക്കും. 10 കിലോമീറ്റർ ദൂരം മ്യൂസിയം ഓഫ് ദ് ഫ്യൂച്ചറിൽ നിന്ന് തുടങ്ങി ദുബായ് കനാൽ കടന്ന്, ഷെയ്ഖ് സായിദ് റോഡ് വഴി ദുബായ് ഇന്റർനാഷനൽ ഫിനാൻഷ്യൽ സെന്റർ ഗേറ്റിൽ അവസാനിക്കും. മികച്ച ഓട്ടക്കാർക്ക് വേണ്ടിയുള്ളതാണ് ഈ റൂട്ട്.

മുൻകൂട്ടി റജിസ്റ്റർ ചെയ്തവർക്കാണ് പങ്കെടുക്കാൻ അവസരം. 13 വയസ്സിൽ താഴെയുള്ള കുട്ടികൾ മുതിർന്നവർക്കൊപ്പം  പേരുകൾ റജിസ്റ്റർ ചെയ്യണം. മുതിർന്നവർക്ക് ഏറ്റവും കുറഞ്ഞത് 21 വയസ്സുണ്ടാകണം. 13 മുതൽ 21 വയസ്സുവരെയുള്ളവർക്ക് നേരിട്ട് റജിസ്റ്റർ ചെയ്യാമെങ്കിലും മാതാപിതാക്കളുടെ സമ്മതം വേണം. റജിസ്റ്റർ ചെയ്തവർ സബീൽ പാർക്കിലെ ഫിറ്റ്നസ് വില്ലേജിൽ നിന്ന് ചെസ്റ്റ് നമ്പരും (ബിബ്) ടീ ഷർട്ടും ഏറ്റുവാങ്ങണം. ബിബ് ഇല്ലാതെ ഓട്ടത്തിൽ പങ്കെടുക്കാൻ കഴിയില്ല. ഓടുന്നവർക്ക് ആവശ്യത്തിനു സമയം എടുത്ത് ഓട്ടം പൂർത്തിയാക്കാം. ചിത്രം എടുക്കേണ്ടവർ ഓട്ടത്തിനിടെ റോഡിന്റെ വശങ്ങളിലേക്കു മാറി നിന്ന് ചിത്രം പകർത്താം. ബാഗുകളുമായി ഓടാൻ പാടില്ല. ഓടാനെത്തുന്നവർ വാട്ടർ ബോട്ടിൽ കൊണ്ടുവരണം. അതിൽ നിറയ്ക്കാനുള്ള വെള്ളം സംഘാടകർ ഒരുക്കും.

Continue Reading

HOME

ഇന്ത്യ-ഓസ്‌ട്രേലിയ നാലാം ടി20 ഇന്ന്; സഞ്‍ജു ഇന്നും പുറത്തു തന്നെ, ശുഭ്മാന്‍ ഗില്ലിന് നിര്‍ണായകം

Published

on

By

ഓസ്ട്രേലിയയ്‌ക്കെതിരായ ഇന്ത്യയുടെ ടി20 പരമ്ബരയിലെ നിർണായകമായ നാലാം മത്സരം ഇന്ന് ഗോള്‍ഡ് കോസ്റ്റിലെ കരാരയില്‍ നടക്കും

ആദ്യ മത്സരം മഴ കാരണം ഉപേക്ഷിക്കപ്പെട്ടപ്പോഴും, രണ്ടാം മത്സരത്തില്‍ ഓസ്ട്രേലിയയും മൂന്നാമത്തേതില്‍ ഇന്ത്യയും ജയിച്ച്‌ പരമ്ബര 1-1 ന് തുല്യതയില്‍ നില്‍ക്കുന്ന സാഹചര്യത്തിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്. ഉച്ചയ്ക്ക് 1.45 മുതല്‍ മത്സരത്തിനു തുടക്കമാകും. സ്റ്റാർ സ്പോർട്സിലും ജിയോ ഹോട്ട്‌സ്റ്റാറിലുമാണ് തത്സമയ സംപ്രേഷണം. പരമ്ബരയില്‍ മുൻതൂക്കം പിടിക്കാൻ ഇറങ്ങുന്ന ഇന്ത്യയില്‍ വൈസ് ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെ ചുറ്റിപറ്റിയുള്ള ചര്‍ച്ച ഇപ്പോഴും തുടരുകയാണ്. ഗില്ലിന്റെ വരവോടെ സഞ്ജു സാംസണ്‍ ടീമില്‍ നിന്ന് പുറത്തായത് ശ്രദ്ധേയമായപ്പോള്‍, ഗില്‍ തിരികെ ഫോം കണ്ടെത്തുമോയെന്നതാണ് പ്രധാന ചോദ്യം. അഭിഷേക് ശർമ്മയിലൂടെ ലഭിക്കുന്ന തകർപ്പൻ തുടക്കവും സൂര്യകുമാർ യാദവ്, തിലക് വർമ്മ, ജിതേഷ് ശർമ്മ, വാഷിംഗ്ടണ്‍ സുന്ദർ തുടങ്ങി മധ്യനിരയിലെ സ്ഥിരതയും ഇന്ത്യയുടെ ബാറ്റിംഗ് ശക്തിയാകും.

ബൗളിംഗ് നിരയിലും ഇന്ത്യക്ക് ആശ്വാസമുണ്ട്. അർഷ്ദീപ് സിംഗിന്റെ തിരിച്ചുവരവ് ആക്രമണ നിരയെ കൂടുതല്‍ ശക്തമാക്കിയപ്പോഴും, ഷിവം ദുബേയ്ക്ക് പകരം നിതീഷ് കുമാർ റെഡ്ഡിക്ക് അവസരം ലഭിക്കാനാണ് സാധ്യത. മറുവശത്ത്, ട്രാവിസ് ഹെഡിനും ഷോണ്‍ ആബട്ടിനും വിശ്രമം നല്‍കിയതോടെ ഓസ്ട്രേലിയൻ ടീമില്‍ മാറ്റങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഹെഡിന് പകരം മാറ്റ് ഷോർട്ട് ഓപ്പണിംഗില്‍ മിച്ച്‌ മാർഷിനൊപ്പം ഇറങ്ങും. അതേസമയം, മധ്യനിരയില്‍ ഗ്ലെൻ മാക്‌സ്‌വെല്ലിന്റെ മടക്കവരവും ഓസീസിന് വലിയ കരുത്താകും.

കരാര സ്റ്റേഡിയത്തില്‍ ഇതുവരെ രണ്ട് അന്താരാഷ്ട്ര മത്സരങ്ങള്‍ മാത്രമാണ് നടന്നിട്ടുള്ളത്. അതില്‍ ഒന്നുകില്‍ 10 ഓവർ മത്സരം മാത്രമായതിനാല്‍ ഈ പിച്ച്‌ ഇരു ടീമിനും പുതുമ നിറഞ്ഞതായിരിക്കും. ഇന്നത്തെ മത്സരത്തില്‍ ചില വ്യക്തിഗത നേട്ടങ്ങളും ശ്രദ്ധേയമാണ്. ഇന്ത്യയുടെ യുവതാരമായ അഭിഷേക് ശർമ്മയ്ക്ക് ടി20 അന്താരാഷ്ട്രങ്ങളില്‍ 1000 റണ്‍സ് പിന്നിടാൻ വെറും 39 റണ്‍സും, തിലക് വർമയ്ക്ക് 9 റണ്‍സും മാത്രം മതി. അതിനാല്‍, ഇന്നത്തെ മത്സരം പരമ്ബരയുടെ നേട്ടം മാത്രമല്ല, കളിക്കാരുടെ വ്യക്തിഗത നേട്ടങ്ങള്‍ക്കും നിർണായകമാകും.

Continue Reading

HOME

സെഞ്ച്വറി നേടിയിട്ടും ആഘോഷിച്ചില്ല; ഇന്ത്യന്‍ ജയത്തിന് പിന്നാലെ പൊട്ടിക്കരഞ്ഞ് ജെമീമ റോഡ്രിഗ്‌സ്

Published

on

By

ഓസ്‌ട്രേലിയക്ക് എതിരെ ഒരു സെഞ്ച്വറി നേടുകയെന്നത് ഏതൊരു ക്രിക്കറ്റ് താരത്തിന്റേയും സ്വപ്‌നമാണ്.അത് ലോകകപ്പ് സെമി ഫൈനലില്‍ ടീമിനെ ജയത്തിലേക്ക് എത്തിക്കാനുതകുന്നതാണെങ്കില്‍ ഏതൊരു താരവും മതിമറന്ന് ആഘോഷിക്കും.

നവി മുംബയിലെ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ ഓസീസിനെതിരെ അര്‍ദ്ധ സെഞ്ച്വറി പിന്നിട്ടപ്പോഴും പിന്നീട് സെഞ്ച്വറി തികച്ചപ്പോഴും ജെമീമ റോഡ്രിഗ്‌സ് എന്ന മുംബയ്ക്കാരി ആഘോഷിക്കുകയോ ബാറ്റ് ഉയര്‍ത്തി കാണികളെ അഭിവാദ്യം ചെയ്യുകയോ ചെയ്തില്ല.

49ാം ഓവറിലെ 3ാം പന്തില്‍ അമന്‍ജോത് കൗറിന്റെ ഷോട്ട് അതിര്‍ത്തി കടന്ന് ഇന്ത്യ മത്സരം വിജയിച്ചതിന് പിന്നാലെ ജെമീമയുടെ കണ്ണുകള്‍ നിറഞ്ഞൊഴുകി. തന്റെ പതിവ് ബാറ്റിംഗ് പൊസിഷനില്‍ നിന്ന് മാറിയാണ് സെമിയില്‍ താരം ബാറ്റ് ചെയ്യാനെത്തിയത്. സാധാരണ അഞ്ചാം നമ്ബറില്‍ ബാറ്റ് ചെയ്യുന്ന താരം ഇന്ന് ക്രീസിലെത്തിയത് മൂന്നാം നമ്ബറില്‍. 134 പന്തുകള്‍ നേരിട്ട് 14 ബൗണ്ടറികളുടെ അകമ്ബടിയോടെയാണ് റോഡ്രിഗ്‌സിന്റെ ഇന്നിംഗ്‌സ്.

മത്സരത്തിലെ വിജയശില്‍പ്പിയായതിന് ശേഷം താരം നടത്തിയത് വൈകാരികമായ പ്രതികരണമായിരുന്നു. എന്തുകൊണ്ടാണ് സെഞ്ച്വറി നേട്ടം ആഘോഷിക്കാത്തത് എന്ന ചോദ്യത്തിന് ഇന്ന് തന്റെ സെഞ്ച്വറിക്ക് ഒരു പ്രസക്തിയുമില്ലായെന്നും ഇന്ത്യയുടെ ജയം മാത്രമായിരുന്നു മനസ്സിലുണ്ടായിരുന്നത് എന്നുമാണ് താരം പ്രതികരിച്ചത്. ദൈവത്തിനും തന്റെ മാതാപിതാക്കള്‍ക്കും പരിശീലകനും നന്ദി പറഞ്ഞ ജെമീമ പ്ലെയര്‍ ഓഫ് ദി മാച്ച്‌ പുരസ്‌കാരം ഏറ്റുവാങ്ങിയത് നിറഞ്ഞ കണ്ണുകളോടെയായിരുന്നു.

ഈ ലോകകപ്പില്‍ തുടര്‍ച്ചയായി രണ്ട് മത്സരങ്ങള്‍ ഇന്ത്യ തോറ്റപ്പോള്‍ ബൗളിംഗ് ശക്തി കൂട്ടാന്‍ ഒരു ബാറ്ററെ കുറച്ചപ്പോള്‍ പുറത്തിരിക്കേണ്ടി വന്നിരുന്നു ജെമീമയ്ക്ക്. അതേ ജെമീമയുടെ തകര്‍പ്പന്‍ ഇന്നിംഗ്‌സ് ശക്തരായ ഓസീസിനെതിരെ റെക്കോഡ് സ്‌കോര്‍ പിന്തുടരാന്‍ ഇന്ത്യക്ക് അടിത്തറ പാകിയത് കാലത്തിന്റെ കാവ്യനീതിയാണ്. നവംബര്‍ രണ്ടിന് നടക്കുന്ന ഫൈനലിലും താരം മികച്ച പ്രകടനം പുറത്തെടുക്കുമെന്നും ഇന്ത്യക്ക് കന്നിക്കിരീടം സമ്മാനിക്കുമെന്നുമാണ് ആരാധകര്‍ പ്രതീക്ഷിക്കുന്നത്.

Continue Reading

Trending

Copyright © 2025